ആദിവാസി മേഖലയിൽ ഗോത്രഭാഷ സംസാരിക്കുന്ന അധ്യാപകർ

പാലക്കാട് ∙ ആദിവാസി കുട്ടികളോട് അവരുടെ ഭാഷയിൽ തന്നെ സംസാരിക്കുന്ന അധ്യാപകരെ സംസ്ഥാനത്തെ പട്ടിക വിഭാഗ സങ്കേതങ്ങളിലെ സ്കൂളുകളിൽ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ആദിവാസി വിഭാഗത്തിൽ ടിടിസി, ബിഎഡ് പാസായ ആദിവാസി ചെറുപ്പക്കാരെയാണു ഗോത്രബന്ധു എന്ന പേരിലുള്ള പദ്ധതിയിൽ നിയോഗിക്കുകയെന്നു മന്ത്രി എ.കെ.ബാലൻ പറഞ്ഞു. 

വിവിധ കാരണങ്ങളാൽ അകലുന്ന ആദിവാസി കുട്ടികളെ വിദ്യാലയങ്ങളിൽ നിലനിർത്താനും അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനും പദ്ധതി സഹായിക്കുമെന്നാണു പ്രതീക്ഷ. എണ്ണൂറോളം ആദിവാസി യുവതീ യുവാക്കൾക്കു ജോലി ലഭിക്കുമെന്നതാണു പദ്ധതിയുടെ മറ്റൊരു നേട്ടം. ദിവസം 750 രൂപ വീതം പരമാവധി 21,900 രൂപയാണു പ്രതിഫലം നൽകുന്നത്. മെന്റർ ടീച്ചർ എന്ന തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണു നിയമനം നടത്തുക. 

വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നാക്ക വിഭാഗം ഏതാണോ ആ വിഭാഗത്തിൽ നിന്നാണു മെന്റർ അധ്യാപകരെ നിയമിക്കുക. അത്തരത്തിൽ യോഗ്യതയില്ലാത്തവരുണ്ടെങ്കിൽ മറ്റു പട്ടികവർഗ വിഭാഗങ്ങളെ പരിഗണിക്കും. ഗോത്രവർഗ ഭാഷ, സംസ്കാരം, ഗോത്ര കലാരൂപങ്ങളിലുള്ള പ്രാവീണ്യം തുടങ്ങിയവയെല്ലാം അധിക യോഗ്യതയായി കണക്കാക്കും. 

വയനാട് ജില്ലയിൽ എസ്എസ്എയുടെ സഹകരണത്തോടെ കഴിഞ്ഞ വർഷം നടപ്പാക്കിയ പദ്ധതി വിജയം കണ്ടിരുന്നു.  തുടർന്നാണ് അട്ടപ്പാടിക്കു പ്രത്യേക ഊന്നൽ നൽകി സംസ്ഥാന വ്യാപകമാകെ പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.