കളമശേരി∙ സംസ്ഥാനത്തു വേനൽമഴയ്ക്കൊപ്പം ഉണ്ടാകുന്ന മിന്നലിനൊപ്പം മൂളൽ ശബ്ദം കേൾക്കുന്നത് അത്യന്തം അപകടകരമായ അവസ്ഥയാണെന്ന് വിദഗ്ധര്‍. ചൂടിലെ വര്‍ധനയും വേനൽമഴയുടെ ശക്തിയും കാരണം ഇപ്പോഴുള്ള മിന്നലിനു കരുത്തു കൂടുതലാണെന്നും കൊച്ചി സർവകലാശാല റഡാർ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു.
∙ മിന്നലുണ്ടാകുന്നത് എങ്ങനെ?
താപനില കൂടുന്തോറും അന്തരീക്ഷവായു ചൂടുപിടിച്ച് ഉയരും. അതിനുള്ളിലെ ഈർപ്പം തണുത്ത് കാർമേഘമായി മാറും. ഇടിമിന്നലുണ്ടാക്കുന്ന മേഘങ്ങളിൽ സ്ഥിര വൈദ്യുതി ഉണ്ടാകുന്നതുമൂലം പോസിറ്റീവ് ചാർജ് മേഘത്തിനു മുകൾഭാഗത്തും നെഗറ്റീവ് ചാർജ് അടിഭാഗത്തും കേന്ദ്രീകരിക്കും. ഭൂമിയുടെ ഉപരിതലത്തിനു സാധാരണ ഗതിയിൽ ചാർജൊന്നുമില്ല (ന്യൂട്രൽ). എന്നാൽ, മേഘത്തിനടിയിൽ നെഗറ്റീവ് ചാർജ് കേന്ദ്രീകരിക്കുന്നതുമൂലം ഭൗമോപരിതലം പോസിറ്റീവാകും. ഇതുമൂലം മേഘത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ഊർജ പ്രസരണം സംഭവിക്കുകയും മിന്നലുണ്ടാവുകയും ചെയ്യും.
∙ എന്താണീ മൂളൽ ?
മുകളിലേക്കുള്ള വായുപ്രവാഹം കരുത്തുറ്റതാണെങ്കിൽ അതിൽ ധാരാളം ഊർജ കണങ്ങൾ ഉണ്ടാവും. ഇതിന്റെ വളരെ വേഗത്തിലുള്ള ചലനമാണ് മിന്നലുണ്ടാകുമ്പോൾ മൂളലിനു കാരണമാകുന്നത്. മൂളൽ കേട്ടാൽ വളരെ അടുത്താണു മിന്നലെന്നാണ് അർഥം, ഇതു വളരെ അപകടകരമാണ്.
∙ എങ്ങനെ പ്രതിരോധിക്കാം?
1. വീടിനു പുറത്തിറങ്ങരുത്, ഉറപ്പുള്ള കെട്ടിടത്തിൽ കഴിച്ചുകൂട്ടുക.
2. മിന്നലും ഇടിയും ഒരുമിച്ചു കേട്ടാൽ നമ്മുടെ തൊട്ടടുത്താണ് കാർമേഘം. പെട്ടെന്ന് അവിടെ നിന്നു മാറുക.
3. സ്വർണാഭരണങ്ങൾ ഊരിവയ്ക്കുക.
4. വെള്ളത്തിൽ ചവിട്ടി നിൽക്കരുത്.
5. ഒറ്റപ്പെട്ട മരത്തിന്റെ ചുവട്ടിൽ നിൽക്കരുത്.
6. വീട്ടിൽ ജനലും വാതിലും അടച്ചിട്ട് കട്ടിലിലോ, ഈർപ്പമില്ലാത്ത പ്രതലത്തിലോ കഴിച്ചുകൂട്ടണം.