കൊല്‍ക്കത്ത∙ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച രാത്രിയുണ്ടായ കാറ്റിലും മിന്നലിലും 13 പേര്‍ മരിച്ചു. വിവിധയിടങ്ങളിൽ നടന്ന സംഭവങ്ങളിൽ ഇരുപത്തിയഞ്ചോളം പേർക്കു പരുക്കേൽക്കുകയും ചെയ്തു. നാദിയ, മുർഷിദാബാദ്, നോർത്ത് 24 പർഗാനസ് ജില്ലകളിൽ മൂന്നു പേർ വീതവും ദക്ഷിൺ ദിനജ്പൂർ, മാൽഡ എന്നിവിടങ്ങളിൽ രണ്ടു പേര്‍ വീതവുമാണ് മരിച്ചത്.
വയലിൽ പണിയെടുക്കുന്നതിനിടെ മിന്നലേറ്റാണ് ഇവരിൽ ഭൂരിഭാഗം പേരും മരിച്ചതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. പുരുലിയ ജില്ലയിൽ പരുക്കേറ്റ നാലു പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടർന്ന് സുരക്ഷാ മുൻകരുതലുകളും വിവിധ ജില്ലകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.