പ്രതികൾക്ക് അനുകൂലമായ തെളിവുകളും വിജി. റിപ്പോർട്ടിൽ വേണമെന്ന് അസ്താന

തിരുവനനന്തപുരം∙ പോകുന്ന പോക്കിൽ അഴിമതിക്കേസ് പ്രതികൾക്ക് അനുകൂലമായി വിജിലൻസ് ഡയറക്ടർ എൻ.സി.അസ്താനയുടെ സർക്കുലർ. 

പ്രതികൾക്ക് അനുകൂലമായി അന്വേഷണത്തിൽ ലഭിക്കുന്ന വസ്തുതകളും തെളിവും കുറ്റപത്രത്തിൽ ഉൾപ്പെടുത്തണമെന്നാണു പുതിയ സർക്കുലറിലെ നിർദേശം. ഇതു നടപ്പാക്കിയാൽ പല കേസിലും പ്രോസിക്യൂഷനു തിരിച്ചടി ഉണ്ടാകുമെന്നു വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇക്കാര്യം ഡയറക്ടറോടു പറയാൻ അവർക്കു ധൈര്യവുമില്ല. കേന്ദ്ര ഡപ്യൂട്ടേഷനിൽ ബിഎസ്എഫ് എഡിജിപിയായി പോകുന്ന അസ്താന 31 ന് വിജിലൻസ് ഡയറക്ടറുടെ ചുമതല ഒഴിയും. 

സർക്കുലറിൽ പറയുന്നത്: കോടതിയിൽ സമർപ്പിക്കുന്ന പല അന്തിമ റിപ്പോർട്ടുകൾക്കും നിലവാരമോ വ്യക്തതയോ ഇല്ല. അന്വേഷണ ഉദ്യോഗസ്ഥർ തീരെ മോശമായാണ് ഇതു തയാറാക്കുന്നത്. പലതിലും ശേഖരിച്ച തെളിവുകൾ കാണാനില്ല. അന്വേഷണത്തിൽ ലഭിച്ച വിശദാംശം അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കിയാൽ അതു പ്രതികൾക്കു സഹായകമാകുമെന്ന തെറ്റിദ്ധാരണ പല ഉദ്യോഗസ്ഥർക്കുമുണ്ട്.

പല അന്തിമ റിപ്പോർട്ടിലും അന്വേഷണ ഉദ്യോഗസ്ഥന്റെ പേര്, മേലുദ്യോഗസ്ഥർക്കു നൽകിയ വസ്തുതാവിവര റിപ്പോർട്ടിന്റെ പകർപ്പ്, അന്വേഷണം അവസാനിപ്പിക്കാൻ ഡയറക്ടർ അനുമതി നൽകിയെന്ന വാചകം– ഇതാണു കാണുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ കൈമാറുന്ന വസ്തുതാ റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് ഉചിത തീരുമാനം എടുക്കാൻ വേണ്ടിയുള്ളതു മാത്രമാണ്. ഇതു കോടതിയിൽ സമർപ്പിക്കാനുള്ളതല്ല– അസ്താന ചൂണ്ടിക്കാട്ടുന്നു. 

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനായി സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൽ ശേഖരിച്ച എല്ലാ തെളിവും വ്യക്തമാക്കണം. കോടതിയിൽ സമർപ്പിക്കുന്ന തെളിവുകളുടെയും രേഖകളുടെയും വിശദാംശം വേണം. കേസ് എഴുതിത്തള്ളാനായി സമർപ്പിക്കുന്ന ‘റഫർ റിപ്പോർട്ടി’ലും അതിലേക്കു നയിച്ച കാരണം വ്യക്തമാക്കണം. ഹൈക്കോടതിക്ക് ഉചിത തീരുമാനമെടുക്കാൻ ഇതു സഹായകമാകും. ഓരോ ആരോപണത്തിലും അന്തിമ നിഗമനത്തിൽ എങ്ങനെയെത്തി എന്നു റിപ്പോർട്ടിൽ പറയണം. 

എഴുതിത്തള്ളുന്ന അഴിമതിക്കേസുകളുടെ അന്തിമ റിപ്പോർട്ടിൽ തെളിവുകളുടെ വിശദാംശം ഉൾപ്പെടുത്തിയാൽ പ്രതികൾക്കു സഹായകമാകുമെന്ന ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണ നീക്കാൻ ഏതാനും സുപ്രീം കോടതി ഉത്തരവുകളും അസ്താന സർക്കുലറിൽ പരാമർശിക്കുന്നു. തെളിവുകൾ ശേഖരിച്ചു കോടതിയിൽ സമർപ്പിക്കുകയാണു നമ്മുടെ കടമ. പ്രതിഭാഗത്തിന്റെ വാദങ്ങൾ നേരിടാനും തയാറെടുത്തിരിക്കണം–അസ്താന പറയുന്നു. 

നിയമപരമായി ഈ നിലപാടു ശരിയെങ്കിലും വിവാദ കേസുകളിൽ വിജിലൻസിന് ഇത് തിരിച്ചടിയാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മാത്രമല്ല പല അന്വേഷണ ഉദ്യോഗസ്ഥർക്കും അഴിമതിക്കേസ് പ്രതികളെ സഹായിക്കാൻ ഈ സർക്കുലർ അവസരമൊരുക്കും. 

അസ്താന വിവാദ സർക്കുലറുകളുടെ തോഴൻ

മാധ്യമ പ്രവർത്തകരോടു വിജിലൻസ് ഉദ്യോഗസ്ഥർ സംസാരിക്കരുതെന്ന ആദ്യ സർക്കുലറോടെയാണ് അസ്താന ഡയറക്ടറുടെ പണി തുടങ്ങിയത്. 

വിജിലൻസ് നിയമോപദേശകർ അതു ചെയ്താൽ മതിയെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉത്തരവു നൽകേണ്ടെന്നുമായിരുന്നു അസ്താനയുടെ ഈയിടെ ശ്രദ്ധേയമായ ഒരു സർക്കുലർ. ഉപദേശകരുടെ തെറ്റായ റിപ്പോർട്ട് തള്ളണമെന്നും തങ്ങൾ വകുപ്പിന്റെ ഭാഗമാണെന്ന ഓർമ അവർക്കുണ്ടാകണമെന്നും ഭീഷണി സ്വരത്തിൽ അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു. 

പിന്നാലെ വിജിലൻസ് കോടതികൾക്കെതിരായി അസ്താന ഹൈക്കോടതി റജിസ്ട്രാറിനു കത്തു നൽകി. തെളിവില്ലെന്ന കാരണത്താൽ വിജിലൻസ് അന്തിമ റിപ്പോർട്ട് നൽകിയ കേസുകൾ വിജിലൻസ് കോടതികൾ സമയബന്ധിതമായി തീർപ്പാക്കുന്നില്ലെന്നായിരുന്നു പരാതി. അഡ്വക്കറ്റ് ജനറലിനെയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനെയും മറികടന്നു ഹൈക്കോടതിക്കു നേരിട്ടാണു കത്തയച്ചത്.