കെമാൽ പാഷയ്ക്കു മറുപടിയുമായി ചീഫ് ജസ്റ്റിസും ജസ്റ്റിസ് രവീന്ദ്രനും

ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ബി. കെമാൽപാഷ, ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ

കൊച്ചി∙ ഹൈക്കോടതി ജഡ്ജിമാരുടെ വിടവാങ്ങൽ പ്രസംഗങ്ങളിൽ പരസ്പര വിമർശനങ്ങൾ തുടരുന്നു. ജസ്റ്റിസ് ബി. കെമാൽപാഷയുടെ വിവാദ പരാമർശങ്ങൾക്കുള്ള  മറുപടിയുമായി ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ രംഗത്തുവന്നു. വിവാദ വിഷയങ്ങൾ നേരിട്ടു പരാമർശിക്കാതെ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സൗമ്യമായി പ്രതികരിച്ചു.

അടുത്തയാഴ്ച വിരമിക്കുന്ന ഇൗ  ജഡ്ജിമാർക്കു  ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ സമന്വയ നൽകിയ യാത്രയയപ്പു യോഗത്തിലായിരുന്നു ഇരുവരുടെയും  പ്രസംഗം.

ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ കീഴ്‌വഴക്കം ലംഘിച്ചു മാറ്റിയതിനെയും വിരമിച്ചശേഷം ജഡ്ജിമാർ സർക്കാർ പദവി കൈപ്പറ്റുന്നതിനെയും പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം ശുപാർശകളെയും കഴിഞ്ഞദിവസം ജസ്റ്റീസ് കെമാൽപാഷ വിമർശിച്ചിരുന്നു. ജസ്റ്റിസ് രവീന്ദ്രൻ ഈമാസം 29 നും ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് 30 നുമാണു വിരമിക്കുന്നത്.

ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് : ഞാൻ വക്കീലായതും എറണാകുളത്ത് പ്രാക്ടീസ് ചെയ്യാൻ വന്നതും ജഡ്ജിയായതും ചീഫ് ജസ്റ്റിസ് ആയതുമെല്ലാം അപ്രതീക്ഷിതമായാണ്. 2011 ലാണു ജഡ്ജിയായത്. 2018 ഫെബ്രുവരിയിലാണു ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. ഒരു കാര്യം ഉറപ്പായും എനിക്ക് പറയാം. ഇക്കാലയളവിൽ ഏറ്റ ചുമതലകൾ എന്റെ മന:സാക്ഷിക്ക് അനുസൃതമായി മാത്രമേ ചെയ്തിട്ടുള്ളൂ. ഹൈക്കോടതിയുടെ യശസ്സ് ഇവിടുത്തെ ജീവനക്കാരുടെ സംഭാവനയാണ്. ഇനിയുള്ള കാലങ്ങളിലും അതുണ്ടാകണമെന്നാണ് ആഗ്രഹം.’

ജസ്റ്റീസ് പി.എൻ.രവീന്ദ്രൻ : മഹത്തായ സ്ഥാപനമാണിത്. മഹത്തായ ജഡ്ജിമാർ പ്രവർത്തിച്ച സ്ഥാപനമാണ്. ചില അൽപന്മാർ ജഡ്ജിമാരായ ശേഷം തിരികപ്പോകുമ്പോൾ സ്ഥാപനത്തെയും ജഡ്ജിമാരെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഒരുമ്പെട്ട് ഇറങ്ങിയാൽ അതു തടയേണ്ടതു നിങ്ങളുടെയും എന്റെ സഹപ്രവർത്തകരുടെയുമൊക്കെ ഉത്തരവാദിത്തമാണ്. നിങ്ങൾ അതിനു വേണ്ട മുൻകൈയെടുക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. ബാക്കി ഞാൻ തിങ്കളാഴ്ച പറയാം. എനിക്ക് ആയുസ്സ് ഉണ്ടെങ്കിൽ പറഞ്ഞിരിക്കും. ഞാനീ സ്ഥാപനത്തിനു കേടു വരുത്തുന്ന, ഹാനി വരുത്തുന്ന ഒരു പ്രവൃത്തിയും ഇന്നലെ വരെ ചെയ്തിട്ടില്ല. ഇനിയൊട്ടു ചെയ്യുകയുമില്ല. എന്നെ ഞാനാക്കിയത് ഇൗ സ്ഥാപനമാണ്.’