തിരുവനന്തപുരം∙ മലയോര ഹൈവേ അടക്കം 1371 കോടി രൂപയുടെ ആറു പദ്ധതികൾക്കു കൂടി കിഫ്ബി ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം അംഗീകാരം നൽകിയതായി മന്ത്രി ടി.എം. തോമസ് ഐസക്. ആലപ്പുഴ ചെട്ടിക്കാട‌് താലൂക്ക‌് ആശുപത്രി നിർമാണത്തിനു 104.55 കോടി, തൃശൂർ സുവോളജിക്കൽ പാർക്കിന‌് 113.29 കോടി, എറണാകുളം സീപോർട്ട‌് എയർപോർട്ട‌് റോഡ‌് രണ്ടാം ഘട്ട നിർമാണത്തിന‌് 450.11 കോടി, മലപ്പുറം നിലമ്പൂരിൽ മലയോര ഹൈവേ വികസനത്തിന‌് 115.40 കോടി, മലയോര ഹൈവേ പൂക്കോട്ടുപാടം - കേരള എസ‌്റ്റേറ്റ് - കിഴക്കേത്തല - ചിറയ‌്ക്കൽ റീച്ചിന് 103.11 കോടി, കോഴിക്കോട‌് ജില്ലയിലെ മലയോര ഹൈവേ കോടഞ്ചേരി - കക്കാടംപൊയിൽ റീച്ചിന് 144 കോടി എന്നീ പദ്ധതികൾക്കാണ് അംഗീകാരം.
ഇതോടെ മലയോര ഹൈവേയുടെ 431 കിലോമീറ്ററിനു ഭരണാനുമതിയായി. ഇനി നാലു റീച്ചുകൾക്കു കൂടിയേ അംഗീകാരം ലഭിക്കേണ്ടതുള്ളൂ. മലയോര ഹൈവേയുടെ ഡിസൈൻ മാന്വൽ യോഗം അംഗീകരിച്ചു. സാധ്യമായിടത്തെല്ലാം നടപ്പാതയൊരുക്കും. പാതയോരങ്ങളിൽ പ്ലാവും കണിക്കൊന്നയും വച്ചുപിടിപ്പിക്കും. കിഫ്ബിക്കു കീഴിൽ നിർമിക്കുന്ന എല്ലാ റോഡുകളിലും നടപ്പാതകൾ, സൈക്കിൾ ട്രാക്ക‌്, ആധുനിക സൗകര്യമുള്ള കാത്തിരിപ്പു കേന്ദ്രങ്ങൾ, വൈഫൈ സൗകര്യം, സോളർ ലൈറ്റുകൾ, പാർക്കിങ് ഏരിയ എന്നിവ ഉറപ്പാക്കാൻ പദ്ധതി നടത്തിപ്പു ചുമതലയുള്ള സ്പെഷൽ പർപ്പസ് വെഹിക്കിളുകൾക്കു നിർദേശം നൽകി.
തീരദേശ ഹൈവേയുടെ പുതിയ രൂപരേഖയ‌്ക്കും യോഗം അംഗീകാരം നൽകി. റോഡിനോടു ചേർന്നു തിരുവനന്തപുരം മുതൽ കാസർകോടു വരെ സൈക്കിൾ ട്രാക്ക‌് നിർമിക്കും. ഇതു ലോകത്തെ ഏറ്റവും വലിയ സൈക്കിൾ ട്രാക്കായിരിക്കും. തീരദേശ ഹൈവേക്ക് ആവശ്യമായ നാലിലൊന്നു സ്ഥലം ഇപ്പോൾ തന്നെ ലഭ്യമാണ്. വീതികൂട്ടാൻ ഒരു സാധ്യതയുമില്ലാത്ത പ്രദേശങ്ങളിൽ എലിവേറ്റഡ‌് ഹൈവേ നിർമിക്കും.
23,414.4 കോടി രൂപയ‌്ക്കുള്ള 383 പദ്ധതികൾക്ക‌് ഇതുവരെ കിഫ്ബി അംഗീകാരം നൽകി. 7821.98 കോടിയുടെ പദ്ധതികൾക്കു ടെൻഡർ ക്ഷണിച്ചു. 3925.32 കോടിയുടെ പദ്ധതികൾക്കു കരാറായി. 301.17 കോടിയുടെ പദ്ധതികൾ പൂർത്തിയായി. മോട്ടോർ വാഹന നികുതി, പെട്രോളിയം സെസ‌് എന്നിവ വഴി ലഭിക്കുന്ന തുകയിൽ കിഫ‌്ബിയുടെ വിഹിതം ഓരോ ദിവസവും കൈമാറുന്നുണ്ട്. മസാല ബോണ്ടുകൾ പുറപ്പെടുവിക്കുന്നതിന്റെ തുടർ നടപടികൾക്ക‌് ഏജൻസികളെ നിയമിച്ചു. ചർച്ചകൾ പൂർത്തിയാക്കി ജൂലൈ ആദ്യവാരം ബോണ്ട‌് പുറത്തിറക്കുമെന്നും മന്ത്രി ഐസക് പറഞ്ഞു.