പെരിയ∙ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കോളജ് വിദ്യാർഥിനിയെയും യുവാവിനെയും തടഞ്ഞുവച്ച് അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ പിതാവും മകനുമുൾപ്പെടെ എട്ടു സദാചാര ഗുണ്ടകളെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.
പെരിയ മൊയോലം സ്വദേശികളായ രാധാകൃഷ്ണൻ(43), മകൻ അജയ് ജിഷ്ണു(19), ശ്യാംരാജ്(21), ശിവപ്രസാദ്(19), അഖിൽ(21), ശ്രീരാഗ്(20), സുജിത്(29), സുബിത്(24) എന്നിവരെയാണു ബേക്കൽ എഎസ്പി ആർ.വിശ്വനാഥും സംഘവും അറസ്റ്റ് ചെയ്തത്. സുജിതും സുബിതും സഹോദരങ്ങളും സുബിത് സൈനികനുമാണ്.
വ്യാഴാഴ്ച മൂന്നാംകടവ് റോഡിനു സമീപമാണു വിദ്യാർഥിനിയെയും യുവാവിനെയും പ്രതികൾ തടഞ്ഞുവച്ച് അപമാനിച്ചത്. ബൈക്കിനെ പിന്തുടർന്നെത്തിയ സംഘം തന്നെയും സുഹൃത്തിനെയും കൈകൊണ്ട് അടിച്ചുവെന്നും തന്നെ കയറിപ്പിടിക്കാനും ഫോട്ടോ എടുക്കാനും ശ്രമിച്ചുവെന്നുമാണു വിദ്യാർഥിനിയുടെ പരാതി. ബാഗിലുണ്ടായിരുന്ന ബ്ലേഡെടുത്ത് കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനിയെ സംഘാംഗങ്ങൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിയ പൊലീസിനെ പ്രതികൾ തന്നെയാണു മൊബൈലിലെ ദൃശ്യങ്ങൾ കാണിച്ചുകൊടുത്തത്. പ്രതികളുടെ നിലപാടിനെ പിന്തുണയ്ക്കുന്നതായി തന്ത്രപൂർവം നടിച്ച പൊലീസ് കേസിന്റെ വിശദാംശങ്ങൾ ചോദിച്ചറിയാൻ സ്റ്റേഷനിൽ വരണമെന്ന് അവരിൽ ചിലരോട് ആവശ്യപ്പെട്ടു. ‘ആവേശപൂർവം’ പൊലീസ് ജീപ്പിൽ സ്റ്റേഷനിലെത്തിയവരിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ് അവരെയും കൂട്ടിപ്പോയി മറ്റു പ്രതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അവധിയിലായതിനാൽ പ്രതികൾക്കു ജാമ്യം നിഷേധിച്ചു റിമാൻഡ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ സംഘത്തിൽ ഭൂരിഭാഗവും പ്രമുഖ ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രവർത്തകരാണ്. അതിനാൽ കേസില്ലാതാക്കാനുള്ള സമ്മർദവും പൊലീസിലുണ്ടായി. പ്രദേശത്തെ ഒരു ക്ലബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരും കൂട്ടത്തിലുണ്ട്.