Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റജിസ്ട്രേഷനും ഫിറ്റ്നസും ഇല്ലാതെ 27,362 വാഹനങ്ങൾ നിരത്തിൽ

vehicles-kerala

തിരുവനന്തപുരം∙ സംസ്ഥാനത്തു സാധുവായ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്ലാതെ 15,018 വാഹനങ്ങൾ ഓടുന്നു. 12,344 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 2014–17ൽ കാലഹരണപ്പെട്ടു. ഇവയ്ക്കുള്ള 12.32 കോടി രൂപ പിഴയും ഫീസും ഈടാക്കിയില്ല. റവന്യു വിഭാഗത്തെക്കുറിച്ചു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം. പെർമിറ്റ് കാലാവധി അവസാനിച്ച 14,127 വാഹനങ്ങളിൽനിന്ന് 3.32 കോടി രൂപ പിഴ ഈടാക്കിയില്ല. 1,13,479 വാഹനങ്ങളിൽനിന്നു നികുതി നിരക്കു പുതുക്കിയതിൽ വ്യത്യാസമുള്ള തുക ഈടാക്കാത്തതിൽ 128.73 കോടി രൂപ നഷ്ടം.

11 ആർടിഒ ഓഫിസുകൾക്കു കീഴിലെ 1227 ഡ്രൈവിങ് സ്കൂളുകളിലെ 5472 വാഹനങ്ങളുടെ റജിസ്ട്രേഷൻ കാലാവധി കാലഹരണപ്പെട്ടു. എന്നിട്ടും പരിശീലനം നൽകുന്നതിനുള്ള ലൈസൻസ് നൽകി. അനുവദനീയമായതിലും കൂടിയ ഭാരം കയറ്റിയ 1270 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും 1.22 കോടി രൂപ പിഴ ഈടാക്കിയില്ല. 20,377 ട്രാൻസ്പോർട്ട് വാഹനങ്ങളിൽ വേഗനിയന്ത്രണ സംവിധാനം ഘടിപ്പിച്ചിട്ടില്ല.

താലൂക്ക് അധികാരികൾ കെട്ടിട നികുതി നിർണയം റിപ്പോർട്ട് ചെയ്യാതിരുന്നതിനാൽ 450 കെട്ടിടങ്ങൾക്കു 9.47 കോടി രൂപയുടെ നികുതി ചുമത്താനായില്ല. 11 കേസുകളിൽ നിലവിലെ കെട്ടിടങ്ങളിലെ അധിക നിർമാണം വില്ലേജ് ഓഫിസർമാർ റിപ്പോർട്ട് ചെയ്യാത്തതിനാൽ 83.79 ലക്ഷം രൂപയുടെ നികുതി ചുമത്തിയില്ല. 30 താലൂക്ക് ഓഫിസുകളിൽ പൂർത്തിയായ 2742 കെട്ടിടങ്ങൾ വില്ലേജ് ഓഫിസർമാർ റിപ്പോർട്ട് ചെയ്തിട്ടും തഹസിൽദാർമാർ കെട്ടിടനികുതി നിർണയിച്ചില്ല. ഇതുവഴി 10.23 കോടി രൂപ നഷ്ടം. 35 ഫ്ളാറ്റുകളുടെ നികുതി നിർണയവും പൂർത്തിയാക്കിയിട്ടില്ല.

വിദേശമദ്യ ലൈസൻസുള്ള ഏഴു മദ്യ കമ്പനികൾ എക്സൈസ് കമ്മിഷണറുടെ അനുവാദമില്ലാതെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് പുനഃസംഘടിപ്പിച്ചു. എന്നിട്ടും 40 ലക്ഷം രൂപ പിഴയോ ഫീസോ ഈടാക്കിയില്ല. വാണിജ്യ നികുതി വകുപ്പിൽ കംപ്യൂട്ടർവൽക്കരണത്തിനായി ലഭിച്ച 7.43 കോടി രൂപയുടെ കേന്ദ്രവിഹിതം കാലഹരണപ്പെട്ടു. 412 വ്യാപാരികൾ നികുതി ജാലകത്തിൽനിന്നു വിട്ടുനിൽക്കുന്നതു മൂലം 35 കോടി രൂപ നഷ്ടം.

കശുവണ്ടി ഇറക്കുമതി ചെയ്ത 27 വ്യാപാരികൾ 1238.39 കോടി രൂപ മൂല്യമുള്ള ഇറക്കുമതി വെളിപ്പെടുത്തിയില്ല. നാലു കേസുകളിൽ നികുതി ഇളവു നൽകിയതു വഴി 39.89 കോടിയുടെ നഷ്ടം. 2016–17ൽ കുറഞ്ഞ നികുതി നിർണയിച്ച 450 കോടി രൂപയുടെ 328 കേസുകൾ അംഗീകരിച്ചു.

മൂന്നര ലക്ഷം വ്യാജ ടിക്കറ്റുകൾ സമ്മാനത്തിനായി സമർപ്പിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്തു 3,48,699 സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾക്കു പണം നിഷേധിച്ചു. ഇതു വ്യാജ ലോട്ടറി ടിക്കറ്റുകൾ സംസ്ഥാനത്തു നിൽക്കുന്നതായ സൂചന നൽകുന്നുവെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നു. 2011–2017ൽ സംസ്ഥാനത്തെ എല്ലാ ലോട്ടറി ഓഫിസുകളിലും സമ്മാനം അവകാശപ്പെട്ടു സമർപ്പിച്ച 8,18,96,698 ടിക്കറ്റുകൾ പരിശോധിച്ചപ്പോഴായിരുന്നു ഈ ക്രമക്കേടു വെളിപ്പെട്ടത്. മുൻപേ പണം നൽകിയെന്ന കാരണത്താലാണു മൂന്നര ലക്ഷം ടിക്കറ്റുകൾക്കു സമ്മാനം നിഷേധിച്ചത്.

2011–2013ൽ 568 സമ്മാനാർഹമായ ടിക്കറ്റുകൾക്ക് ഒന്നിലേറെ തവണ പണം നൽകി. സ്ത്രീശക്തി, ക്രിസ്മസ് ന്യൂ ഇയർ ബംപർ ഫോർ ജവാൻസ് എന്ന രണ്ടു പ്രത്യേക ലോട്ടറികളിൽനിന്നുള്ള വരുമാനം ഉദ്ദേശിച്ച ലക്ഷ്യത്തിനു വിനിയോഗിച്ചില്ല. 2017 മാർച്ച് വരെ സ്ത്രീശക്തിയുടെ 48 നറുക്കെടുപ്പു നടത്തി 169 കോടി രൂപ ലഭിച്ചിട്ടും പണം ഒന്നിനും ചെലവിട്ടില്ല.

ജവാൻമാരുടെ ലോട്ടറി വിൽപനയിൽ 12.97 കോടി രൂപയുടെ വരുമാനം ലഭിച്ചു. സൈനികക്ഷേമ വകുപ്പിനു നൽകിയതു രണ്ടു കോടി മാത്രം. കാരുണ്യ ഫണ്ടിൽനിന്നു സഹായം ലഭിച്ച 1520 പേർ ബന്ധപ്പെട്ട ആശുപത്രികളിൽ ചികിൽസ തേടിയില്ല. ഇതിനായി നൽകിയ 19.68 കോടി രൂപ ആശുപത്രികളുടെ ഫണ്ടിൽ സൂക്ഷിച്ചിരിക്കുന്നു. അഞ്ചു സ്വകാര്യ ആശുപത്രികൾ പാക്കേജ് തുകയെക്കാൾ കൂടിയ നിരക്കു രോഗികളിൽനിന്ന് ഈടാക്കി.