തിരുവനന്തപുരം∙ എംജി സർവകലാശാലാ മാതൃകയിൽ സമയബന്ധിതമായി പരീക്ഷ നടത്തി വേഗത്തിൽ ഫലം പ്രഖ്യാപിക്കാൻ പദ്ധതി തയാറാക്കി ഒന്നോ രണ്ടോ മാസത്തിനകം റിപ്പോർട്ട് നൽകണമെന്നു നിർദേശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ സർവകലാശാലകളുടെയും വൈസ് ചാൻസലർമാർക്കു കത്തയച്ചു.
ഉന്നതവിദ്യാഭ്യാസ നിലവാരം ഉയർത്താൻ എല്ലാ വൈസ് ചാൻസലർമാരുടെയും യോഗം വിളിച്ചുചേർത്തതിനു പിന്നാലെയുള്ള ഈ കത്ത് മുഖ്യമന്ത്രി കർശന നടപടികളിലേക്കു നീങ്ങുന്നതിന്റെ സൂചനയായി. വിസിമാരുടെ യോഗം ഗവർണർ വിളിച്ചുചേർക്കുന്ന പതിവ് തെറ്റിച്ചാണു മുഖ്യമന്ത്രി നേരിട്ടു വിളിച്ചത്.
പരീക്ഷാ നടത്തിപ്പിൽ എംജി മാതൃകയാണെന്നും സമാന പദ്ധതികളാണു മറ്റു സർവകലാശാലകൾ ആവിഷ്കരിക്കേണ്ടതെന്നും കത്തിലുണ്ട്.
സർവകലാശാലകൾ മനുഷ്യവിഭവശേഷി ശരിയായി വിനിയോഗിച്ചാൽ കേരളത്തിനു മുന്നിലെത്താം. കാലാനുസൃതമായി പാഠ്യപദ്ധതി നവീകരിക്കണം. രാജ്യത്തെയും വിദേശത്തെയും മികച്ച റാങ്കുള്ള സർവകലാശാലകളുമായി സഹകരണം വളർത്താനുള്ള നടപടികൾ അറിയിക്കാനും നിർദേശിച്ചു.
എത്ര പേറ്റന്റുകൾ ? എന്തു പ്രയോജനം?
ഗവേഷണരംഗം മെച്ചപ്പെടുത്താനുള്ള കർമപദ്ധതി 90 ദിവസത്തിനകം സമർപ്പിക്കണമെന്നും വൈസ് ചാൻസലർമാർക്കുള്ള കത്തിൽ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. അഞ്ചു വർഷമായി എത്ര പേറ്റന്റുകൾക്ക് അപേക്ഷിച്ചെന്നും അതിൽ എത്ര ലഭിച്ചെന്നുമുള്ള വിശദാംശങ്ങൾ ക്രോഡീകരിക്കണം. ഗവേഷണം സമൂഹത്തിന് എത്രത്തോളം പ്രയോജനപ്പെടുന്നുവെന്നു നിരീക്ഷിക്കണം. സർവകലാശാല പ്രവർത്തിക്കുന്ന മേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾ എന്തൊക്കെ മാറ്റങ്ങൾക്കു വഴിതെളിച്ചതായി മൂന്നു മാസത്തിലൊരിക്കൽ റിപ്പോർട്ട് നൽകണം. ഗവേഷണ കാര്യത്തിൽ പിന്നിലുള്ള അധ്യാപകരെ മുന്നിലെത്തിക്കാൻ നടപടി വേണമെന്നും നിർദേശമുണ്ട്.