കൊല്ലം ∙ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നതിനായി സർക്കാർ നിയമം കൊണ്ടുവരുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതിനുള്ള ബിൽ തയാറാക്കി കഴിഞ്ഞു. നിലവിൽ ഇത്തരം സ്ഥാപനങ്ങളിൽ വിദ്യാർഥി സംഘടനകൾക്കു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനു സമാനമായ സാഹചര്യമാണ്. അതിനു മാറ്റം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
രാജ്യത്തു ബിജെപിയും സംഘപരിവാർ ശക്തികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലാഭകരമല്ലെന്നു പറഞ്ഞു സ്കൂളുകൾ പൂട്ടുകയാണ്. ഇവിടെയാകട്ടെ ഈ അധ്യയന വർഷം പൊതുവിദ്യാഭ്യാസ മേഖലയിൽ പുതുതായി പ്രവേശനം നേടിയ രണ്ടു ലക്ഷത്തോളം വിദ്യാർഥികളുടെ കണക്കാണ് പറയാനുള്ളതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി.തോമസ് അധ്യക്ഷത വഹിച്ചു.
മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ.ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്.സുദേവൻ, എം.നൗഷാദ് എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.രാജേന്ദ്രൻ, കെ.രാജഗോപാൽ, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഖദീജത്ത് സുഹൈല, അഥീന സതീഷ്, സംസ്ഥാന സെക്രട്ടറി എം.വിജിൻ, പ്രസിഡന്റ് ജെയ്ക് സി.തോമസ്, ദേശീയ സെക്രട്ടറി വിക്രം സിങ്, പ്രസിഡന്റ് വി.പി.സാനു, സ്വാഗതസംഘം ജനറൽ കൺവീനർ ശ്യാംമോഹൻ എന്നിവർ പ്രസംഗിച്ചു.