Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരിഗുളികകളുമായി യുവ സിനിമാതാരം അറസ്റ്റിൽ

mihraj-drug മിഹ്റാജ് കാത്താണ്ടി

തലശ്ശേരി∙ മാരക ലഹരിമരുന്നായ എംഡിഎംഎയും ലഹരി ഗുളികകളുമായി സിനിമാ–സീരിയൽ താരത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. സെയ്താർപള്ളിക്കു സമീപം ബില്ലന്റകത്ത് വീട്ടിൽ മിഹ്റാജ് കാത്താണ്ടി (34)യാണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ (മെത്തലിൻ ‍ഡയോക്സി മെത്ത് ആംപ്ഫിറ്റാമിൻ)യും ഏതാനും ലഹരി ഗുളികകളും കണ്ടെടുത്തു. കോടതി റിമാൻഡ് ചെയ്തു.

എക്സൈസ് കമ്മിഷണർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. മോളി, എക്സ്റ്റസി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ലഹരിവസ്തു വൻകിട നഗരങ്ങളിലും വിദേശത്തും നടക്കുന്ന ഡിജെ പാർട്ടികളിൽ ഉപയോഗിക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് ഉപയോഗിച്ചാൽ വൃക്ക തകരാറിലാവുകയും മാനസിക വിഭ്രാന്തിയുണ്ടാവുകയും ചെയ്യും. ഏറ്റവും ചുരുങ്ങിയ അളവിൽ പോലും ഇതു കൈവശം വയ്ക്കുന്നതു ജാമ്യം  ലഭിക്കാത്ത കുറ്റമാണ്. 

നവംബർ റെയ്ൻ, പിന്നെ, ഓഫ് ദ് പീപ്പിൾ, ബൈ ദ് പീപ്പിൾ തുടങ്ങിയ സിനിമകളിലും ഒട്ടേറെ ആൽബങ്ങളിലും താൻ അഭിനയിച്ചിട്ടുണ്ടെന്ന് മിഹ്റാജ് എക്സൈസിനോടു പറഞ്ഞു. സ്കൂൾ വിദ്യാർഥികളാണ് പ്രധാനമായും ഇയാളുടെ ഇരകൾ. 

സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ പി.ജലീഷ്, കെ.ബിനീഷ്, പ്രിവന്റിവ് ഓഫിസർ സി.ദിലീപ്, എം.പി.സർവജ്ഞൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ടി.ശരത്, ഒ.ലിമേഷ്, സി.പങ്കജാക്ഷൻ, ഡ്രൈവർ പി.ഷജിത്ത് എന്നിവർ ഇരുട്ടിൽ വേഷം മാറി മണിക്കൂറുകളോളം കാത്തു നിന്ന് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചതിനു ശേഷമാണ് രാവിലെ പിടികൂടിയത്.

related stories