കൊച്ചി/തിരുവനന്തപുരം ∙ കൊച്ചിയില്‍ ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന്റെ ബെംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീം രൂപീകരിക്കും. ഫ്ളാറ്റില്‍ ലഹരിമരുന്നു പാര്‍ട്ടിയും അനാശാസ്യവും നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവര്‍ കുറച്ചുനാളായി നിരീക്ഷണത്തിലായിരുന്നു. ലഹരിമരുന്ന് ദിവസവും ഉപയോഗിക്കുന്ന നടി ലഹരി മരുന്നിന് അടിമയാണെന്ന വിവരമാണ് അന്വേഷണ സംഘം നൽകുന്നത്.
അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്നാണ് പൊലീസ് വിശദീകരണം. നടിയുടെ ഡ്രൈവര്‍ക്ക് മയക്കുമരുന്നു കടത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. അടിമയെപോലെയാണ് ഡ്രൈവറെ പരിഗണിച്ചിരുന്നത്. പാക്കറ്റിനുള്ളിലെ സാധനം എന്താണെന്ന് അറിയാതെയാണ് ഡ്രൈവര്‍ ഓരോ തവണയും പാക്കറ്റുകളെത്തിച്ചിരുന്നത്. കേസിൽ നടിയെ റിമാന്‍ഡ് ചെയ്തു.
പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാൻ പറ്റില്ലെന്നു നടി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ലഹരിക്ക് അത്ര അടിമപ്പെട്ട അവസ്ഥയിലാണ് അവരെന്നു പൊലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. വിൽപനയെക്കാൾ ഉപയോഗിക്കുന്നതിനാണ് ഇവർ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
അതേസമയം ചില ഉന്നത ബന്ധങ്ങളും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തു വിടാൻ പൊലീസ് തയാറായിട്ടില്ല. പ്രായപൂർത്തിയാകും മുൻപു തന്നെ സമാനമായ ചില കേസുകളിൽ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവും ഇവർക്കുണ്ട്. മയക്കുമരുന്നു കേസ് മാത്രം അന്വേഷിച്ച് കൂടുതൽ തലവേദന ഒഴിവാക്കാനാണ് പൊലീസ് ആലോചിക്കുന്നത് എന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ൽ അശ്വതി ദുബായിൽ പിടിയിലായിട്ടുണ്ട്.
തിരുവനന്തപുരം തുമ്പ ആറാട്ടുവഴി പുതുവൽ അശ്വതി ബാബുവും (22), സഹായിയും ഡ്രൈവറുമായ കോട്ടയം നാട്ടകം പറയൻതറ ബിനോ ഏബ്രഹാമും (38) എസ്ഐമാരായ എ.എൻ.ഷാജു, ഷബാബ് കാസിം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച പിടിയിലായത്. അശ്വതി സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിന്റെ പാർക്കിങ് സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടുന്നതും ലഹരി മരുന്നു കണ്ടെടുത്തതും.
തുടർന്ന് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവിൽ മരുന്ന് കണ്ടെത്താനായിട്ടില്ല. ലഹരിമരുന്നു പാർട്ടി നടത്തുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് ഏതാനും ദിവസമായി ഫ്ലാറ്റും പരിസരവും പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഒരു മാസം മുൻപാണ് ഇവിടെ താമസം തുടങ്ങിയത്. പിടികൂടുമ്പോൾ ഇവരുടെ മാതാവും ഒരു ഗുജറാത്തി യുവതിയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. പൊലീസ് ഇവരെയും ചോദ്യം ചെയ്തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്നു പറയുന്നു.