കൂടരഞ്ഞി (കോഴിക്കോട്) ∙ ജില്ലയുടെ മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലുണ്ടായ അതേ ദിവസം തന്നെ ഒരു ക്വാറിക്കു സമീപവും ഉരുൾ പൊട്ടലുണ്ടായതായി കണ്ടെത്തി. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള മഞ്ഞക്കടവിൽ പ്രവർത്തനാനുമതി കാത്തിരിക്കുന്ന ക്വാറിക്ക് സമീപമാണ് വൻതോതിലുള്ള ഉരുൾ പൊട്ടലുണ്ടായത്. സംഭവം ഇന്നലെയാണ് പുറംലോകം അറിഞ്ഞത്.
200 മീറ്ററോളം ദൂരത്തിൽ കല്ലും മണ്ണും മരങ്ങളും ഒഴുകിപ്പോയതായി കണ്ടെത്തി. ക്വാറിക്ക് വേണ്ടി വെടിമരുന്ന് സൂക്ഷിക്കാൻ നിർമിച്ച സംഭരണശാലയുടെ ഒരു ഭാഗവും തകർന്ന നിലയിലാണ്. ക്വാറിക്കും ക്രഷറിനും വേണ്ടി 20 ഏക്കർ സ്ഥലമാണ് ഇവിടെ പലരുടെ പേരിൽ വാങ്ങിക്കൂട്ടിയത്. ആദ്യഘട്ടമായി സൂപ്പർ സ്റ്റോൺ ക്രഷറിനായാണ് കൂടരഞ്ഞി പഞ്ചായത്തിൽ അനുമതി തേടിയത്. വിഷയം ചർച്ച ചെയ്യാൻ വിളിച്ച ഗ്രാമസഭാ യോഗം പ്രദേശത്തിന്റെ അപകടാവസ്ഥയും മുൻകാലങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലും റോഡിന്റെ വീതിക്കുറവും ചൂണ്ടിക്കാട്ടി അനുമതി നൽകരുതെന്നു പ്രമേയം പാസാക്കി. തുടർന്ന് പഞ്ചായത്ത് ബോർഡ് യോഗം ക്രഷറിന് അനുമതി നിഷേധിച്ചു.
സൂപ്പർ സ്റ്റോൺ ക്വാറിക്ക് അനുമതി നേടാനുള്ള ശ്രമം ആരംഭിച്ചപ്പോൾ തന്നെ ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉണ്ടായിരുന്നു. സ്ഥലം സന്ദർശിച്ച ജില്ലാ ക്ലിയറൻസ് ബോർഡിന് പ്രദേശത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ടതിനെ തുടർന്ന് കലക്ടർ ചെയർമാനായ സമിതി ആറു മാസം മുമ്പ് ക്വാറിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാൽ, വീണ്ടും അനുമതിക്കു ശ്രമം നടക്കവെയാണ് ഉരുൾ പൊട്ടൽ ഉണ്ടായത്. മലയുടെ ഒരു ഭാഗത്തെ സ്ഥലം ഉരുൾ പൊട്ടലിൽ കുത്തിയൊഴുകി പോയി. കല്ലും മണ്ണും മരങ്ങളുമെല്ലാം താഴ്‌വാരത്ത് തടഞ്ഞു നിൽക്കുകയാണ്.