തിരുവനന്തപുരം∙ കേരളത്തിൽ ഉരുൾപൊട്ടലുണ്ടായ 47% സ്ഥലങ്ങളിലും ഇത് ആവർത്തിക്കാൻ സാധ്യതയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). 2018 ജൂൺ വരെ വിവിധ ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പ്രളയാനന്തരം ഈ പ്രദേശങ്ങളിൽ ഭൂമി വിണ്ടു കീറുന്ന പ്രതിഭാസമുണ്ടായി. ഭൂമി വിണ്ടു കീറിയ സ്ഥലങ്ങളിൽ കനത്ത മഴയുണ്ടായാൽ ഉരുൾപൊട്ടലുണ്ടാകാൻ സാധ്യതയുണ്ടെന്നും സർവേയിൽ കണ്ടെത്തി.
ജിഎസ്ഐയുടെ പഠന പ്രകാരം ഉരുൾപൊട്ടൽ ഉയർന്ന സാധ്യതയുള്ള പ്രദേശങ്ങളിലാണു പ്രളയ സമയത്തു ഇവ ആവർത്തിച്ചത്. ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് ജിഎസ്ഐ നൽകുന്നത്. റവന്യൂ വകുപ്പുമായി ചേർന്നു കേരളത്തിലെ ദുരന്ത ബാധിത മേഖലയിലെ ഉരുൾപൊട്ടൽ ഭീഷണിയെപ്പറ്റി പഠനം നടത്തുകയാണ് ജിഎസ്ഐ. ഇടുക്കി, തൃശൂർ ജില്ലകളിൽ രണ്ടായിരത്തിലധികവും വയനാട്ടിൽ 250 ഉം ഉരുൾപൊട്ടലാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ദേശീയ തലത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഭൂപടം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജിഎസ്ഐ.