റിസോർട്ടിലേക്കു റോഡ്: കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ

കൊച്ചി ∙ എംപി ഫണ്ട് വിനിയോഗിച്ച് റിസോർട്ടിലേക്കു റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ടു തോമസ് ചാണ്ടി ഡയറക്ടറായ കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നു ഹൈക്കോടതിയിൽ വിജിലൻസ് ബോധിപ്പിച്ചു. പൊതുകാര്യങ്ങൾക്കു വിനിയോഗിക്കേണ്ട എംപി ഫണ്ട് ഉപയോഗിച്ചു റോഡ് നിർമിച്ചതു സ്വകാര്യവ്യക്തിയെ സഹായിക്കാനാണെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി.

വലിയ കുളം മുതൽ സീറോ ജെട്ടി വരെയുള്ള ബണ്ട് റോഡ് ബലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിജിലൻസ് കോടതി ഉത്തരവും കേസ് നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാട്ടർ വേൾഡ് ടൂറിസം കമ്പനി എംഡി മാത്യു ജോസഫ് നൽകിയ ഹർജിയാണു കോടതിയിൽ. ബണ്ട് മണ്ണിട്ടു ബലപ്പെടുത്തിയതു 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് നൽകിയ ഹർജിയിൽ കേസെടുക്കാൻ നിർദേശിച്ച കോട്ടയം വിജിലൻസ് കോടതി ഉത്തരവാണു ചോദ്യം ചെയ്യുന്നത്. ഹർജി പിന്നീടു പരിഗണിക്കാനായി മാറ്റി.