ഫോർമലിൻ: വിജിലൻസ് മുന്നറിയിപ്പ് അവഗണിച്ചു

കൊല്ലം ∙ ഫോർമലിൻ ഉൾപ്പെടെ മാരക രാസവസ്തുക്കൾ കലർത്തിയ മീൻ സംസ്ഥാനത്തു വൻതോതിൽ വിറ്റഴിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വിജിലൻസ് നൽകിയ റിപ്പോർട്ട് സർക്കാർ അവഗണിച്ചു. ഈ സർക്കാരിന്റെ ആരംഭകാലത്തു നൽകിയ റിപ്പോർട്ടിന്മേൽ ആരോഗ്യവകുപ്പ് നടപടിയെടുക്കാതിരുന്നതോടെയാണ് മായം ചേർത്ത മീൻ മറ്റു സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്നവർക്കു ധൈര്യം കൂടിയത്.

ദഹനേന്ദ്രിയ വ്യവസ്ഥ, കരൾ, വൃക്ക, ഹൃദയം, നാഡീവ്യൂഹങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ഫോർമലിൻ ചേർത്ത മീൻ, ചന്തകളിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുവെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നുമായിരുന്നു വിജിലൻസ് ശുപാർശ. ഫോർമലിൻ കാൻസറിനു കാരണമാകുമെന്ന അമേരിക്കൻ ടോക്സിക്കോളജി വിഭാഗത്തിന്റെ നിരീക്ഷണവും യൂറോപ്യൻ യൂണിയൻ ഇത്തരം രാസവസ്തുക്കൾ നിരോധിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്.

ചില ജില്ലകളിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ മീൻ, പഴം, പച്ചക്കറി തുടങ്ങിയവയിൽ ഫോർമലിൻ സാന്നിധ്യം കണ്ടതിനെ തുടർന്നാണ് ‘പ്രത്യേക റിപ്പോർട്ട്’ എന്നു രേഖപ്പെടുത്തി വിജിലൻസ് ഡയറക്ടർക്കു ശുപാർശകൾ സമർപ്പിച്ചത്. ഇത് ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്കു കൈമാറിയെങ്കിലും ശക്തമായ നടപടിയുണ്ടായില്ല. ഐസ് നിർമാണ വേളയിൽത്തന്നെ ഫോർമലിൻ കലർത്തുന്നതായി കണ്ടെത്തിയിരുന്നു. മാർക്കറ്റുകളിലും മറ്റും മിന്നൽ പരിശോധന നടത്തുക, താലൂക്ക് തലത്തിൽ സഞ്ചരിക്കുന്ന ലാബ് ഏർപ്പെടുത്തുക തുടങ്ങിയ ശുപാർശകൾ അവഗണിക്കപ്പെട്ടു.