കൊച്ചി∙ ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിക്കണമെന്ന ‘അമ്മ’ യോഗത്തിലെ പൊതുവികാരത്തിനൊപ്പം നിൽക്കുക എന്ന പ്രാഥമിക ജനാധിപത്യ മര്യാദയാണു നേതൃത്വം എന്ന നിലയിൽ തങ്ങൾ പ്രകടിപ്പിച്ചതെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ. അതിനപ്പുറമുള്ള നിക്ഷിപ്ത താൽപര്യങ്ങളോ നിലപാടോ ഈ വിഷയത്തിൽ നേതൃത്വത്തിനില്ല.
സമൂഹമധ്യത്തിൽ ഉയർന്ന എല്ലാ വിമർശനങ്ങളെയും പൂർണ മനസ്സോടെ ഉൾക്കൊള്ളുന്നു. നാലു പേർ സംഘടനയ്ക്കു പുറത്തു പോകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ആ തീരുമാനത്തിനു പിന്നിലെ വികാരങ്ങൾ എന്തായാലും പരിശോധിക്കാൻ നേതൃത്വം തയാറാണ്. തിരുത്തലുകൾ ആരുടെ പക്ഷത്തു നിന്നായാലും നടപ്പാക്കാം. ആക്രമണത്തിനിരയായ സഹപ്രവർത്തകയ്ക്കൊപ്പമാണ് ഇന്നുവരെ സംഘടന നിൽക്കുന്നത് – മോഹൻലാൽ പറഞ്ഞു.