കൊച്ചി ∙ മലയാള സിനിമയിൽ പുതുതലമുറക്കാരുടെ നേതൃത്വത്തിൽ സമാന്തര കൂട്ടായ്മയ്ക്കു കളമൊരുങ്ങുന്നു. അമ്മ വിവാദത്തിൽ വിമൻ ഇൻ സിനിമ കലക്ടീവിനു സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നു ലഭിച്ച പിന്തുണയാണ് ഇതിനായുള്ള പ്രവർത്തനത്തിനു ശക്തി പകരുന്നത്. ആഷിഖ് അബുവും ഫെഫ്കയും തുടരുന്ന വാക്പോരിനെച്ചൊല്ലി ന്യൂജനറേഷൻ സംവിധായകർക്കിടയിൽ ഫെഫ്ക നേതൃത്വത്തിനെതിരെയുള്ള അമർഷം പുതിയ സംഘടനയ്ക്കു ഗുണകരമാവുമെന്ന് പിന്നിലുള്ളവർ കരുതുന്നു.
സംവിധായകൻ രാജീവ് രവി നേതൃത്വം നൽകുന്ന കലക്ടീവ് ഫേസ് വൺ, വനിതാ കൂട്ടായ്മയ്ക്കു പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയിൽ നിന്നുള്ള 100 പേർ ഒപ്പിട്ട പ്രസ്താവന പുറത്തുവിട്ടിരുന്നു. ഇതിനിടെ, ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ശ്രമിച്ച യോഗത്തിൽ പൃഥ്വിരാജും രമ്യ നമ്പീശനുമടക്കം എല്ലാവരും ഉണ്ടായിരുന്നുവെന്ന് നടനും അമ്മ സെക്രട്ടറിയുമായ സിദ്ദീഖ് പറഞ്ഞു. അന്ന് അവർ എതിർത്തില്ല.
സിദ്ദീഖ് പറയുന്നത് ശരിയല്ല: രമ്യാ നമ്പീശൻ
കൊച്ചി ∙ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽനിന്നു പുറത്താക്കിയ നടപടി താൻകൂടി പങ്കെടുത്ത കമ്മിറ്റിയാണു മരവിപ്പിച്ചതെന്ന അമ്മ സെക്രട്ടറി സിദ്ദീഖിന്റെ വാദം തള്ളി നടി രമ്യാ നമ്പീശൻ. ആ യോഗത്തിൽ ഞാനും പൃഥ്വിരാജും പങ്കെടുത്തിട്ടില്ല. ചിത്രീകരണത്തിരക്കുമൂലം യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. യോഗ തീരുമാനങ്ങളും അറിഞ്ഞിരുന്നില്ല.
സെറ്റിൽ ചെന്നതു മമ്മൂട്ടിയെ തടയാനെന്ന്
കൊച്ചി ∙ ഡാഡി കൂൾ സിനിമയുടെ സെറ്റിൽ ചെന്നതു മമ്മൂട്ടിയെ തടയാനായിരുന്നുവെന്നും ആഷിഖ് അബുവിനെയല്ലെന്നും സംവിധായകൻ ബൈജു കൊട്ടാരക്കര. മാക്ട ഫെഡറേഷനിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനു മമ്മൂട്ടിയെ ചേർത്തലയിലും ദിലീപിനെ ഒറ്റപ്പാലത്തും തടയാനാണു ലക്ഷ്യമിട്ടത്. ഫെഡറേഷൻ പൊളിക്കാനായി ദിലീപും ശ്രീനിവാസനും മണിക്കൂറുകളോളം ചർച്ച നടത്തിയിട്ടുണ്ടെന്നും ആരോപിച്ചു.
ആഷിഖ് അബുവിനെതിരെ നിർമാതാവ്
കൊച്ചി ∙ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയുടെ നിർമാതാവായ സംവിധായകൻ ആഷിഖ് അബുവിനെതിരെ ആരോപണവുമായി പ്രവാസി മലയാളി. 2.40 കോടി രൂപ മുതൽമുടക്കിയ തന്റെ കമ്പനിക്കു മുടക്കു മുതലിനു പുറമേ 60 % ലാഭവിഹിതം കൂടി നൽകുമെന്നായിരുന്നു കരാറെങ്കിലും ആകെ ലഭിച്ചതു 1.85 കോടി രൂപ മാത്രമാണെന്നാണു പ്രവാസി വ്യവസായി സി.ടി. അബ്ദുൽ റഹ്മാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനു നൽകിയ പരാതിയിൽ ആരോപിക്കുന്നത്.