കൊച്ചി ∙ നഴ്സുമാർക്കു മിനിമം വേതനം നടപ്പാക്കാത്തതിന്റെ പേരിൽ സ്വകാര്യ ആശുപത്രികൾക്കെതിരെ നിർബന്ധിത നടപടി പാടില്ലെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. മിനിമം വേതന വിജ്ഞാപനത്തിനെതിരെ അസോസിയേഷൻ ഓഫ് ഹെൽത്ത് പ്രൊവൈഡേഴ്സ് സമർപ്പിച്ച ഹർജിയിലാണു നിർദേശം. മിനിമം വേതനം സംബന്ധിച്ച മുൻ വിജ്ഞാപനങ്ങൾ കോടതിയിൽ ചോദ്യംചെയ്തതു തീർപ്പാക്കാതെ തുടർന്നും വിജ്ഞാപനം ഇറക്കിയതു മിനിമം വേതന ചട്ടപ്രകാരം നിലനിൽക്കില്ലെന്നു ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. 2009ലും 2014ലും പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യംചെയ്തു ഹർജികളുണ്ടെന്നും അറിയിച്ചു.