Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ മിനിമ വേതനം: മാനേജ്മെന്‍റുകള്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി

Supreme Court

ന്യൂഡൽഹി∙ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. വിജ്ഞാപനം നടപ്പാക്കിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന വാദം കോടതി നിരസിച്ചു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്‍റേതാണു നടപടി. വിജ്ഞാപനം ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ ഹൈക്കോടതി ഒരു മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്‍റുകളുടെ ആവശ്യത്തെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ കോടതിയിൽ എതിര്‍ത്തു.. നഴ്‌സുമാർ ഉൾപ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം സിംഗിൾ ജഡ്ജി സ്റ്റേ ചെയ്യാതിരുന്നതിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. മിനിമം വേതന നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചെന്നും ബന്ധപ്പെട്ട കക്ഷികളുടെയെല്ലാം നിലപാട് തേടിയ ശേഷമാണു വിജ്ഞാപനം ഇറക്കിയതെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു.