കൊച്ചി∙ നഴ്സുമാരുടെ ശമ്പള വർധന കൃത്യമായ കണക്കുകൾ അടിസ്ഥാനമാക്കിയല്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെയും ആശുപത്രികളുടെയും സംഘടനയായ ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആൻഡ് ഹോസ്പിറ്റൽസ് അസോസിയേഷൻ. അനർഹമായ അധിക വേതനം നൽകാൻ കഴിയില്ല. മുൻവിധിയോടു കൂടിയാണു സർക്കാർ ശമ്പള വർധനവു നടപ്പാക്കിയിട്ടുളളത്.
ജീവിത സൂചിക കണക്കാക്കി മിനിമം വേതനം നിശ്ചയിക്കുകയല്ല ചെയ്തിരിക്കുന്നത്. പുതിയ ശമ്പള നിരക്കിന് മുൻകാല പ്രാബല്യം വേണമെന്ന ആവശ്യവും നിലനിൽക്കുന്നതല്ല. 2013ൽ ഇതേ രീതിയിൽ മുൻകാല പ്രാബല്യം ഏർപ്പെടുത്തിയപ്പോൾ കോടതി ഇടപെട്ട് അതിനു നിയമസാധുതയില്ലെന്നു വ്യക്തമാക്കിയിരുന്നു.
സ്പെഷൽ അലവൻസ്, എക്സ്ട്രാ അലവൻസ് എന്നിവ മിനിമം വേതനത്തിന്റെ പരിധിയിൽ വരുന്നതല്ല. ഒറ്റയടിക്കു 120 ശതമാനം വർധന വരുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സി.എം.അബൂബക്കർ, സെക്രട്ടറി .കെ.ജനാർദനൻ, ഒ.ബേബി, പോൾ നോബിൾ, കെ.വി.ഹരിദാസ്, സഭാപതി, സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.