തിരുവനന്തപുരം ∙ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുന്ന ഒഇസി വിദ്യാർഥികൾക്കു വർഷം 30 കോടി രൂപ വീതം ഫീസ് സൗജന്യം നൽകാൻ ബജറ്റ് വിഹിതമില്ലാത്തതു സർക്കാരിനെ വെട്ടിലാക്കി. കൂടുതൽ വിഭാഗങ്ങളെ ഒഇസിയിൽ ചേർത്തു ഫീസ് സൗജന്യം നൽകാനുള്ള തീരുമാനം കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് എടുത്തതെങ്കിലും പണം കണ്ടെത്തേണ്ട ബാധ്യത ഇപ്പോഴത്തെ സർക്കാരിനാണ്. ഫീസ് കുടിശിക നൽകുമെന്നു സർക്കാർ ഉറപ്പു നൽകിയെങ്കിലും എവിടെ നിന്നു പണം നൽകുമെന്നതിൽ വ്യക്തതയില്ല.
സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുന്ന ഒഇസി, പട്ടികവിഭാഗക്കാരുടെ ഫീസ് നൽകേണ്ടതു സർക്കാരാണ്. പട്ടികവിഭാഗക്കാരുടെ ഫീസ് നൽകാൻ ബജറ്റിൽ വിഹിതമുണ്ട്. തുല്യമായ ഫീസ് ആനുകൂല്യത്തിന് ഒഇസിക്കാരും അർഹരാണ്. കൂടുതൽ വിഭാഗങ്ങളെ ഒഇസിയിൽ ഉൾപ്പെടുത്തിയതോടെ സാമ്പത്തിക ബാധ്യത വർധിച്ചു. ഓരോ വർഷവും സ്വാശ്രയ മെഡിക്കൽ ഫീസ് വർധിക്കുമെന്നതിനാൽ അതിനനുസരിച്ചു ഫീസ് ബാധ്യത കൂടും.
കഴിഞ്ഞ വർഷം പ്രവേശനം നേടിയ പട്ടികവിഭാഗക്കാരുടെയും ഒഇസിക്കാരുടെയും ഫീസ് കുടിശിക സർക്കാർ നൽകാത്തതിനെ തുടർന്നു സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ ഇക്കൊല്ലം ഈ വിഭാഗം കുട്ടികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടു സ്വീകരിച്ചിരുന്നു. തുടർന്നു കുടിശിക ഭാഗികമായി നൽകി. മുഴുവൻ ഫീസും വൈകാതെ നൽകുമെന്ന സർക്കാരിന്റെ ഉറപ്പിലാണ് ഇപ്പോൾ പ്രവേശനം.