കണ്ണൂർ∙ സെൻട്രൽ ജയിൽ സെല്ലിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറയ്ക്കാൻ കൊതുകുവലയും കർട്ടനും. കണ്ണൂർ സെൻട്രൽ ജയിലിൽ വിഐപി തടവുകാരും രാഷ്ട്രീയത്തടവുകാരും കഴിയുന്ന ഒന്നാം ബ്ലോക്കിലും മറ്റു സെല്ലുകളിലുമാണു അനുമതി കൂടാതെ തടവുകാർ കൊതുകുവലയും പുറത്തുനിന്നുള്ള കാഴ്ച മറച്ചു കർട്ടനും കെട്ടിയത്. മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെയുള്ളവയ്ക്കു മറയായാണ് ഇതു ചെയ്തതെങ്കിലും ഇവ അധികൃതർ നീക്കം ചെയ്തിട്ടില്ല.
ഭരണകക്ഷികളുടെ പേരു പറഞ്ഞു തടവുകാർ ഭീഷണിപ്പെടുത്തുന്നതിനാലാണു ചട്ടലംഘനത്തിനെതിരെ നടപടിക്കു മടിക്കുന്നതെന്നു ജയിൽ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം പറയുന്നു.
സെൻട്രൽ ജയിലുകളിൽ തടവുകാർ, പുറത്തുള്ളവരേക്കാൾ അധികം സൗകര്യങ്ങളനുഭവിക്കുന്നുവെന്ന ആരോപണങ്ങൾ തുടരുമ്പോഴാണു വലയും കർട്ടനും കെട്ടിയ വിവരം പുറത്തുവരുന്നത്.
ചട്ടപ്രകാരം ജയിൽ മെഡിക്കൽ ഓഫിസർ നിർദേശിച്ചാൽ മാത്രമേ തടവുകാർക്കു കൊതുകുവല ഉപയോഗിക്കാൻ അനുമതിയുള്ളൂ. ആർക്കെങ്കിലും സാംക്രമിക രോഗം പിടിപെടുമ്പോൾ മാത്രമാണിത്. എന്നാൽ അത്തരമൊരു സാഹചര്യം നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഇല്ല. കൊതുകുവല ജയിലിനുള്ളിൽ തടവുകാർക്ക് എങ്ങനെ ലഭിച്ചുവെന്നതും ദുരൂഹമാണ്.