കണ്ണൂർ∙ സെൻട്രൽ ജയിലിലെ പാർട്ടിത്തടവുകാർ ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മർദിക്കുന്നുവെന്ന സഹതടവുകാരുടെ പരാതിയിൽ ഹൈക്കോടതിയുടെ അന്വേഷണം. തടവുകാരിൽ ചിലർ ഹൈക്കോടതിക്കു നൽകിയ പരാതിയെത്തുടർന്നു ജില്ലയിലെ മൂന്നു ജഡ്ജിമാർ ജയിലിലെത്തി അന്വേഷണം നടത്തി. അപ്രതീക്ഷിത സന്ദർശനത്തിൽ ജയിലിലെ മർദനം നേരിട്ടു ബോധ്യപ്പെടുകയും ചെയ്തു.
ജയിലിലെ രണ്ടാം ബ്ലോക്കിലാണു രാഷ്ട്രീയ അക്രമക്കേസുകളിൽ പ്രതികളായ സിപിഎം തടവുകാർ കൂടുതലായുള്ളത്. ചില ഉദ്യോഗസ്ഥർ ചില തടവുകാരെ ഒതുക്കി നിർത്താൻ പാർട്ടിത്തടവുകാരെക്കൊണ്ടു ശിക്ഷിപ്പിക്കുന്ന രീതിയുണ്ട്. അതിനെതിരെയായിരുന്നു പരാതി. ഒരു മാസം മുൻപു തടവുകാരൻ ജയിലിന്റെ പ്രധാന ഗേറ്റിനു സമീപം ബ്ലേഡ് ഉപയോഗിച്ചു സ്വന്തം കഴുത്തിലും ജയിൽ ജീവനക്കാരന്റെ ദേഹത്തും മുറിവേൽപിച്ച സംഭവമുണ്ടായിരുന്നു. പാർട്ടിത്തടവുകാരെ ഉപയോഗിച്ചു മർദിച്ചതാണു തടവുകാരനെ പ്രകോപിപ്പിച്ചത്. ഇരുവർക്കും ചികിൽസ നൽകിയെങ്കിലും സംഭവം റിപ്പോർട്ട് ചെയ്യുകയോ കേസാക്കുകയോ ചെയ്തില്ല. ജയിലിലെ മർദനം പുറത്തറിയുമെന്നതായിരുന്നു കാരണം.
മർദനത്തെക്കുറിച്ചു പരാതി ലഭിച്ചതോടെയാണ് അന്വേഷണത്തിനു ജില്ലാ ജഡ്ജി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, സബ് ജഡ്ജി എന്നിവരടങ്ങുന്ന കമ്മിഷനെ ഹൈക്കോടതി ചുമതലപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് അന്വേഷണ സംഘം ജയിലിലെത്തിയപ്പോഴാണു മർദനം നേരിട്ടു ബോധ്യപ്പെട്ടത്. പത്താംബ്ലോക്കിലെ തടവുകാരനാണു സഹതടവുകാരുടെ മർദനത്തിൽ പരുക്കേറ്റ നിലയിൽ ജഡ്ജിമാരുടെ മുൻപിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോസ്ഥരെ ജഡ്ജിമാർ രൂക്ഷമായി വിമർശിച്ചതായി അറിയുന്നു. മർദനം സംബന്ധിച്ച റിപ്പോർട്ട് വൈകാതെ ഹൈക്കോടതിക്കു സമർപ്പിക്കും.