Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലേക്ക് എത്തുന്നത് ആരൊക്കെ? കണക്കെടുപ്പ് പാതിവഴിയിൽ

Migrant-Labour

ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളായ കേസുകൾ വർധിക്കുമ്പോഴും തൊഴിലാളികളുടെ കണക്കെടുക്കാനും അവരെ റജിസ്റ്റർ ചെയ്യിക്കാനുമുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കു വേഗം പോര. ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികളുള്ള പെരുമ്പാവൂരിൽ കഴിഞ്ഞ ദിവസം മാല മോഷണശ്രമത്തിനിടെ വിദ്യാർഥിനി കൊല്ലപ്പെട്ടത് ആശങ്കയോടെയാണു ജനം കാണുന്നത്. മുൻപു നിയമവിദ്യാർഥിനി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊലചെയ്യപ്പെട്ടതും ഇതിനു സമീപമാണ്.

 ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെ നാട്ടുകാരുടെ ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്. കോഴിയുമായി പോയ ഇതരസംസ്ഥാന തൊഴിലാളിയെ മോഷണം ആരോപിച്ച് ആൾക്കൂട്ടം മർദിക്കുകയും ഇയാൾ പിന്നീടു മരിക്കുകയും ചെയ്ത ദാരുണസംഭവം കൊല്ലം ജില്ലയിലെ അഞ്ചലിൽ കഴിഞ്ഞമാസമുണ്ടായി.

കൊല്ലം ജില്ലയിൽ ഇതുവരെ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായി 72 കേസുകളുണ്ട്. ഏഴു കൊലക്കേസുകളും ഇതിൽപ്പെടും. 

പത്തനംതിട്ട, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കൊപാതകക്കേസുകൾ രണ്ടു വീതമുണ്ട്. തൃശൂരിൽ മൂന്നു വൻകവർച്ചകളിൽ ഇവർ പ്രതികളായി. ചാലക്കുടി ഡി സിനിമാസിൽനിന്ന് ആറു ലക്ഷം രൂപയും ഒല്ലൂരിൽ ജ്വല്ലറിയിൽനിന്ന് നാലേമുക്കാൽ കിലോ സ്വർ‌ണവുമാണ് അപഹരിക്കപ്പെട്ടത്. ചാലക്കുടി നോർത്തിലെ ജ്വല്ലറിയിൽനിന്ന് ഒൻപതര കിലോ സ്വർണവും ഏഴു ലക്ഷം രൂപയും കവർന്ന കേസിലും ഇതര സംസ്ഥാനക്കാരാണു പ്രതികൾ.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലെ ജ്വല്ലറിയിൽനിന്നു രണ്ടേമുക്കാൽ കിലോ കവർന്ന കേസിൽ മൂന്നു പേർ അറസ്റ്റിലായി. ഏഴുപേർ സംഘത്തിലുണ്ടായിരുന്നു. ബാക്കിയുള്ളവരെ പിടിച്ചിട്ടില്ല. കാസർകോട്ട് നാലു കൊലപാതകക്കേസിലാണ് ഇവർ പ്രതികൾ. 

മുടന്തി മുന്നോട്ട് ആവാസ് പദ്ധതി

തൊഴിൽ വകുപ്പിന്റെ ആവാസ് ഇൻഷുറൻസ് പദ്ധതിക്കു കീഴിൽ എല്ലാ ജില്ലകളിലും ഫെസിലിറ്റേഷൻ സെന്ററുകൾ തുറന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പു നടത്തുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ കണക്കെടുപ്പു പൂർത്തിയായിട്ടില്ല. ഇതുമൂലം സംസ്ഥാനത്ത് എത്ര ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്ന വ്യക്തമായ കണക്ക് തൊഴിൽവകുപ്പിന്റെ കയ്യിൽ ഇല്ല. ഇൻഷുറൻസ് പദ്ധതിയിൽ കഴിഞ്ഞ നവംബർ മുതൽ ഇതുവരെ ചേർന്നത് 2,89,324 പേർ. ഇതിൽ 16,095 സ്ത്രീകളുണ്ട്. ഇൻഷുറൻസ് കമ്പനിയെ നിശ്ചയിക്കുന്നതുവരെ ആനുകൂല്യങ്ങൾ നൽകാൻ ജില്ലാ ലേബർ ഓഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളി ക്യാംപുകളിൽ ഉദ്യോഗസ്ഥരെത്തി റജിസ്റ്റർ ചെയ്യുമെന്ന പ്രഖ്യാപനം നടപ്പാകുന്നില്ല.

സജീവമാകാതെ ഇ –രേഖ ആപ്പ് 

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ സൂക്ഷിക്കാൻ പൊലീസിന്റെ ഇ–രേഖ മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്നിട്ടു മാസങ്ങളായെങ്കിലും റജിസ്റ്റർ ചെയ്തത് 68,502 പേർ മാത്രം. ഇതിൽ 49,676ഉം മലപ്പുറത്താണ്. മറ്റു ജില്ലകളിൽ പ്രവർത്തനം സജീവമല്ല. വിവര ശേഖരത്തോടു തൊഴിലാളികൾ സഹകരിക്കുന്നില്ല. പൊലീസ് വിളിപ്പിച്ചപ്പോൾ ഇവർ കൂട്ടത്തോടെ പലായനം ചെയ്യുന്ന അവസ്ഥ ചില ജില്ലകളിലുണ്ടായി.