Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷക്കെടുതി: കേന്ദ്രസംഘം ചൊവ്വാഴ്ചയെത്തും; ഏഴംഗ സംഘം ജില്ലകൾ സന്ദർശിക്കും

Rain-Havoc-Kottayam-Holiday

കൊച്ചി ∙ കേരളത്തിലുണ്ടായ കാലവർഷക്കെടുതിയുടെ വ്യാപ്തി കണക്കാക്കാൻ കേന്ദ്രത്തിൽനിന്നുള്ള ഏഴംഗ സംഘം ചൊവ്വാഴ്ച മുതൽ 10 വരെ സംസ്ഥാനത്തു പര്യടനം നടത്തും. ഈ സംഘം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. സംഘത്തിനു സമർപ്പിക്കാനായി കേരളത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് തയാറാക്കിവരികയാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ‘മനോരമ’ യോടു പറഞ്ഞു.

ഏഴിനു കൊച്ചിയിലെത്തുന്ന സംഘം രണ്ടായി തിരിഞ്ഞാണ് കേരളത്തിൽ സന്ദർശനം നടത്തുക. കൊച്ചിയിൽ ഏഴിനു വിമാനമിറങ്ങുന്ന സംഘത്തിനു മുന്നിൽ അന്നു രാത്രി ഏഴിനു ചേരുന്ന യോഗത്തിൽ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം അവതരിപ്പിക്കും. എട്ടു മുതലാണ് ജില്ലകൾതോറുമുള്ള സന്ദർശനം ആരംഭിക്കുക. നാലു പേരടങ്ങുന്ന ആദ്യസംഘം തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളും മൂന്നു പേരടങ്ങുന്ന സംഘം എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളും സന്ദർശിക്കും.

ആദ്യസംഘം എട്ടിന് ആലപ്പുഴ ജില്ലയിൽനിന്നാണ് സന്ദർശനം ആരംഭിക്കുന്നത്. അന്ന് ആലപ്പുഴയിൽ മാത്രമാണ് സന്ദർശനം. ഒൻപതിനു തിരുവനന്തപുരം ജില്ല സന്ദർശിക്കും. 10നു കോട്ടയം, പത്തനംതിട്ട ജില്ലകളും സന്ദർശിച്ച ശേഷം സംഘം കൊച്ചിയിൽ തിരിച്ചെത്തും. രണ്ടാമത്തെ സംഘം എട്ടിന് എറണാകുളം ജില്ലയിലും ഒൻപതിനു കോഴിക്കോട്, 10നു തൃശൂർ ജില്ലകളിലും പര്യടനം നടത്തി കൊച്ചിയിൽ തിരിച്ചെത്തും. ഇവിടെനിന്ന് 11നു ഡൽഹിക്കു മടങ്ങും. എ.വി. ധർമ റെഡ്ഡിയുടെ നേതൃത്വത്തിൽ ബി.കെ. ശ്രീവാസ്തവ, തങ്കമണി, എസ്‌.സി. മീണ എന്നിവർ ആദ്യസംഘത്തിലും പാഹത്ത് സിങ്ങിന്റെ നേതൃത്വത്തിൽ നർസി റാം മീണ, വി.വി. ശാസ്ത്രി എന്നിവർ രണ്ടാമത്തെ സംഘത്തിലുമുണ്ടാകും.

കേരളത്തിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ചേരും. കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ജൂലൈ 21നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു കേരളത്തിലെത്തിയിരുന്നു. മടങ്ങുന്ന അവസരത്തിലാണ് 10 ദിവസത്തിനുള്ളിൽ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നു വ്യക്തമാക്കിയത്. എന്നാൽ, വീണ്ടും കേരളത്തിൽ മഴ കനത്തതോടെ സംഘത്തിന്റെ സന്ദർശനം നീട്ടുകയായിരുന്നു.

മേയ് 29 മുതൽ ജൂലൈ 19 വരെ പെയ്ത കനത്ത മഴയിൽ നേരിട്ട നാശനഷ്ടങ്ങൾക്കു പരിഹാരമായി കേരളത്തിനാവശ്യം 831.1 കോടി രൂപയുടെ കേന്ദ്ര സഹായമാണെന്ന് അന്നു സമർപ്പിച്ച നിവേദനത്തിൽ കേരളം വ്യക്തമാക്കിയിരുന്നു. ഈ കാലയളവിൽ ലഭിച്ച 20% അധികമഴയിൽ കേരളത്തിൽ വെള്ളത്തിനടിയിലായത് 55,007 ഹെക്ടർ കൃഷിസ്ഥലമാണെന്നും 116 പേർ മരണപ്പെട്ടതായും 965 ഗ്രാമങ്ങളിൽ നാശനഷ്ടം നേരിട്ടതായും കേരളം ബോധിപ്പിച്ചിരുന്നു. അതിനുശേഷം നേരിട്ട നാശനഷ്ടങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പുതിയ റിപ്പോർട്ട് സമർപ്പിക്കുക.

related stories