എയിംസ്: കേരളത്തെ തഴഞ്ഞ് കേന്ദ്രം; ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി

ന്യൂഡൽഹി ∙ കേരളത്തെ വീണ്ടും ഞെട്ടിച്ച് കേന്ദ്രസർക്കാർ. സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എ‌എ‌െഎ‌െഎം‌എസ്) സ്ഥാപിക്കുമെന്ന് ഒരിക്കലും വാഗ്ദാനം ചെയ്തിരുന്നില്ല എന്നാണു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ വെള്ളിയാഴ്ച ലോക്സഭയിൽ ശശി തരൂർ എംപിയെ അറിയിച്ചത്. അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച ഒരു ചോദ്യവും ഉദിക്കുന്നില്ല എന്നുകൂടി മന്ത്രി നദ്ദ വ്യക്തമാക്കി. ശശി തരൂർ വിശദമായി അഞ്ചു ചോദ്യങ്ങളാണ് ഉന്നയിച്ചത്.

ഒന്ന്: കേരളത്തിൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് സ്ഥാപിക്കുമെന്നു 2015ൽ കേന്ദ്രസർക്കാർ വാഗ്ദാനം നൽകിയോ? എങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്താണ്?

രണ്ട്: ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തിരുവനന്തപുരമാണ് എ‌എ‌െഎ‌െഎം‌എസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം എന്നു സർക്കാരിന് അറിയാമോ?

മൂന്ന്: കേരള സർക്കാർ ഇതിനായി എന്തെങ്കിലും നടപടി കൈക്കൊണ്ടിട്ടുണ്ടോ?

നാല്: അങ്ങനെയെങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്താണ്? ഏകദേശം എന്നായിരിക്കും ഇതു സ്ഥാപിക്കുക?

അഞ്ച്: ഇല്ലെങ്കിൽ അതിനുള്ള കാരണങ്ങൾ എന്താണ്?

മന്ത്രി നദ്ദ രണ്ടു വരിയിൽ മറുപടി ഒതുക്കി. കേരളത്തിന് എ‌എ‌െഎ‌െഎം‌എസ് ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ മറ്റു ചോദ്യങ്ങൾക്കു പ്രസക്തിയില്ല.

കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് അനുവദിക്കുമെന്നു 2015 മുതൽ പലതവണ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതാണ്. ഇതിനായി ഉമ്മൻ ചാണ്ടി സർക്കാർ നാലു സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. 2016ൽ മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിയെ കണ്ടപ്പോൾ കോഴിക്കോട്ട് എ‌എ‌െഎ‌െഎം‌എസ് സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂൺ 30ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ കണ്ടപ്പോൾ എ‌എ‌െഎ‌െഎം‌എസ് സ്ഥാപിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. കോഴിക്കോട്ടു കിനാലൂരിൽ ഇതിനായി 200 ഏക്കർ സ്ഥലം നൽകാമെന്നും മന്ത്രി അന്ന് അറിയിച്ചിരുന്നു.

നിതി ആയോഗ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചപ്പോൾ, നിപ്പ രോഗബാധ കൂടി വന്നതോടെ കേരളത്തിന് എ‌എ‌െഎ‌െഎം‌എസ് കൂടിയേ തീരൂ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം കേന്ദ്രം തമിഴ്നാട്ടിലെ മധുരയിൽ എ‌എ‌െഎ‌െഎം‌എസ് അനുവദിച്ചു. ഇതിനായി 1500 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.