Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തില്‍ എയിംസ് വരുമെന്ന് കേന്ദ്രം ഉറപ്പുനൽകി: കെ.കെ.ശൈലജ

jp-nadda-kk-shylaja കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡയെ സന്ദര്‍ശിച്ചു നിവേദനം കൈമാറുന്ന മന്ത്രി കെ.കെ.ശൈലജ.

തിരുവനന്തപുരം ∙ കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്നു സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവർ. മാതൃമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങാനാണു മന്ത്രി ഡല്‍ഹിയിലെത്തിയത്.

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം വിശദമായി പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. ഘട്ടം ഘട്ടമായിട്ടാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ തീരുമാനമായിരുന്നില്ല. അടുത്തഘട്ടത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്താമെന്ന് ഇപ്പോള്‍ കേന്ദ്രമന്ത്രി സമ്മതിച്ചിട്ടുണ്ട്.

കേന്ദ്രത്തില്‍ ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. നാലു സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയിരുന്നത്. കോഴിക്കോടാണ് സംസ്ഥാനം നിര്‍ദേശിച്ചിരിക്കുന്നത്. 200 ഏക്കര്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലവില്‍ ഒരു പ്രയാസവുമുണ്ടാകില്ലെന്നും ശൈലജ അറിയിച്ചു.

കേരളത്തില്‍ സമീപകാലത്തുണ്ടായ നിപ വൈറസ് ബാധ മൂലമുള്ള മാരക രോഗങ്ങള്‍ ഉണ്ടാകുന്നതു തടയുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നുള്ള ഗവേഷണ സംവിധാനത്തിനു കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചതായും ശൈലജ പറഞ്ഞു. ഇതു സംബന്ധിച്ചു കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി.

 നിപ വൈറസ് ബാധ തടയുന്നതിനു കേന്ദ്രം നല്‍കിയ പിന്തുണയ്ക്കു മന്ത്രി നന്ദി അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഇടപെടല്‍ മൂലം വളരെ പെട്ടെന്ന് രോഗവ്യാപനം തടയാനായി. ഭാവിയില്‍ ഇത്തരം രോഗങ്ങള്‍ വ്യാപിക്കുന്നതു തടയുന്നതിനായി സംസ്ഥാനം പ്രത്യേക ആശയം തയാറാക്കിയിട്ടുണ്ട്.

ഐസിഎംആറും ലോകാരോഗ്യസംഘനാ പ്രതിനിധികളെയുമൊക്കെ പങ്കെടുപ്പിച്ച് താമസിയാതെ ഒരു യോഗം വിളിച്ചുചേര്‍ക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ശാസ്ത്രജ്ഞരും കേരളത്തിന്റെ പ്രതിനിധികളും പങ്കെടുക്കുമെന്നും ശൈലജ വ്യക്തമാക്കി. കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച മന്ത്രി പിന്നീട് ആരോഗ്യ വകുപ്പ് സെക്രട്ടറി പ്രീതി സുദനെയും സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.

related stories