കൊച്ചി ∙ എയിംസ് എംബിബിഎസ് പ്രവേശന പരീക്ഷ എഴുതുന്നവർ ഹിജാബ് (ശിരോവസ്ത്രം) ധരിച്ചു ഹാജരാകുന്നതു വിലക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെയും എയിംസിന്റെയും വിശദീകരണം തേടി. പരീക്ഷ എഴുതുന്ന കോഴിക്കോട് സ്വദേശിനികളായ ഫിദ ഫാത്തിമ, അയിഷ മഷൂറ തുടങ്ങിയവർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.
മേയ് ഇരുപത്തെട്ടിനാണു പരീക്ഷ. ശിരോവസ്ത്രം നിരോധിച്ച വ്യവസ്ഥ ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നു ഹർജിക്കാർ വാദിക്കുന്നു. മുസ്‌ലിം മതാചാരപ്രകാരം ജീവിക്കുന്ന സ്ത്രീകളെന്ന നിലയ്ക്കു മുഖമൊഴികെയുള്ള ശരീരഭാഗങ്ങൾ മറച്ചു പുറത്തിറങ്ങണമെന്ന നിർദേശം പാലിക്കാൻ ബാധ്യതയുണ്ട്.
മതാചാരമനുസരിച്ചു രക്തബന്ധമില്ലാത്ത പുരുഷൻമാരുടെയും മറ്റും മുന്നിൽ മുഖമൊഴികെ ശരീരഭാഗങ്ങൾ മറയ്ക്കാതെ എത്താൻ പാടില്ല. ആ നിലയ്ക്ക് പരീക്ഷയ്ക്കു ശിരോവസ്ത്രം ധരിക്കാതെ ഹാജരാകാൻ കഴിയില്ലെന്നു ഹർജിക്കാർ ബോധിപ്പിച്ചു. സമാനാവശ്യം ഉന്നയിച്ച് എംഎസ്എഫ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ഫാത്തിമ തഹലിയ, മെഡിഫെഡ് ചെയർമാൻ വി.ഇ. സിറാജുദ്ദീൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.