എയിംസ്: കേന്ദ്രം ഉറപ്പ് ലംഘിച്ചെന്നു മന്ത്രി ശൈലജ

തിരുവനന്തപുരം∙ സംസ്ഥാനത്തിന് എയിംസ് അനുവദിക്കുമെന്നു പ്രഖ്യാപിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിനു നൽകിയ ഉറപ്പിന്റെ ലംഘനമാണെന്നു മന്ത്രി കെ.കെ.ശൈലജ. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞതവണ ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ നേരിൽ കണ്ടപ്പോൾ എയിംസ് വിഷയം ചർച്ച ചെയ്തിരുന്നു.

എയിംസിന്റെ കാര്യത്തിൽ അനുകൂല നിലപാടാണുള്ളതെന്നും ഘട്ടംഘട്ടമായി എയിംസ് ആരംഭിക്കുമെന്നും ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ തന്നെ കേരളത്തിൽ എയിംസ് അനുവദിക്കുമെന്നും അന്നു മന്ത്രി ഉറപ്പു നൽകിയിരുന്നു. കഴിഞ്ഞ മാസം 23നു കത്തു മുഖേനയും ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. എന്നാൽ അതിൽ നിന്നുള്ള ചുവടുമാറ്റം കേരളത്തോടു കാട്ടുന്ന കടുത്ത വിവേചനമാണ്. ഫെഡറൽ സംവിധാനത്തിൽ ഒരു സർക്കാരും ഇതു ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.