സച്ചിന്റെ ഷെയർ, വള്ളംകളി ടീസർ വൈറൽ

ആലപ്പുഴ ∙ ‘വിഡിയോ കണ്ടതും ആവേശം ഇരച്ചു കയറുന്നു, ഇതു കാഴ്ചക്കാരെ ത്രസിപ്പിക്കുന്ന റേസ് ആകും. ഡോണ്ട് മിസ് ഇറ്റ്!’ റേസ് ടു ദ് റേസ് എന്ന ടാഗ് ലൈനോടും കോരിത്തരിപ്പിക്കുന്ന വാചകങ്ങളോടും കൂടി സച്ചിൻ തെൻഡുൽക്കർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെ കേരളത്തിന്റെ സ്വന്തം ചാംപ്യൻസ് ബോട്ട് ല‍ീഗിന്റെ ടീസർ വൈറലാ‍യി ലക്ഷങ്ങളിലേക്കു പറന്നു. 

നെഹ്റു ട്രോഫിയിൽ തുടങ്ങി പ്രസിഡന്റ്സ് ട്രോഫിയിൽ അവസാനിക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ടീസറാണ് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ നിന്ന് ഇന്നലെ സച്ചിൻ തെൻഡ‍ുൽക്കർ ഷെയർ ചെയ്തത്.

സച്ചിന്റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളിലും ഈ വിഡിയോ ഷെയർ ചെയ്തു. ഒരു ലക്ഷത്തോളം പേർ മണിക്കൂറുകൾക്കുള്ളിൽ ടീസർ കണ്ടു. നൂറുകണക്കിനു പേർ ടീസർ ഷെയർ ചെയ്തു. കഴിഞ്ഞ 31 കേരള ടൂറിസത്തിന്റെ ഫേസ്ബുക് പേജിലൂടെയാണ് ടീസർ ആദ്യമായി പുറത്തിറങ്ങിയത്. 11നു നടക്കുന്ന നെഹ്റു ട്രോഫി ജലമേളയുടെ മുഖ്യാതിഥികളിലൊരാളാണു സച്ചിൻ .