ഉപ്പള (കാസർകോട്)∙ സോങ്കാൽ പ്രതാപ്നഗറിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. പ്രതാപ്നഗറിലെ പരേതനായ അബ്ദുൽ അസീസിന്റെ മകൻ അബൂബക്കർ സിദ്ദീഖ്(21) ആണ് ഞായറാഴ്ച രാത്രി പതിനൊന്നോടെ ബൈക്കിലെത്തിയ സംഘത്തിന്റെ കുത്തേറ്റു മരിച്ചത്. രാത്രി പത്തോടെ വീടിനു സമീപം സുഹൃത്തുമായി സംസാരിക്കുന്നതിനിടെയായിരുന്നു അക്രമം. ഉടൻ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അക്രമി സംഘത്തിന്റേതാണെന്നു കരുതുന്ന ഒരു ബൈക്ക് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. ബിജെപി പ്രവർത്തകരാണ് കൊലപ്പെടുത്തിയതെന്നാണ് സിപിഎം ആരോപണം.
എന്നാൽ സിപിഎം പ്രവർത്തകന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമല്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. കൊലപാതക വിവരമറിഞ്ഞു ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസ്, ഡിവൈഎസ്പി എം.വി.സുകുമാരൻ, സിഐ കെ.പ്രേംസദൻ തുടങ്ങിയവർ രാത്രിയിൽ തന്നെ സംഭവസ്ഥലം സന്ദർശിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ചിലരെ ചോദ്യംചെയ്തു വരുന്നതായി ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസ് പറഞ്ഞു. സോങ്കാലിലെ മദ്യവിൽപനയെ എതിർത്തതിലുള്ള പ്രതികാരമായിട്ടായിരുന്നു അക്രമം.
സിപിഎം അംഗവും നേരത്തേ ഡിവൈഎഫ്ഐ സോങ്കാൽ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു അബൂബക്കർ സിദ്ദീഖ്. ഖത്തറിൽ നിന്ന് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. മാതാവ്: ആമിന, സഹോദരങ്ങൾ: ഷാഹിന, മുഹമ്മദ് ആഷിഖ്, സിയാദ്. അബൂബക്കർ സിദ്ദീഖിന്റെ മൃതദേഹം കബറടക്കി. കൊലപാതകത്തിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കിൽ ഇന്നലെ ഉച്ച മുതൽ വൈകിട്ട് വരെ സിപിഎം നേതൃത്വത്തിൽ ഹർത്താൽ നടത്തി. സംഘർഷസാധ്യത കണക്കിലെടുത്തു കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.