പത്തനംതിട്ട ∙ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ജീവനക്കാർക്കു കുടിശിക തീർത്തു ശമ്പളം നൽകാൻ അഞ്ചു കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും തദ്ദേശ വകുപ്പിന്റെ ഉത്തരവ് ഇറങ്ങാത്തതിനാൽ ശമ്പള വിതരണം അനിശ്ചിതത്വത്തിൽ. ദാരിദ്ര്യ ലഘൂകരണ വിഭാഗം ജീവനക്കാർ ശമ്പളമില്ലാതെ കഴിയുന്ന വാർത്ത മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശമ്പളം നൽകാൻ അഞ്ചു കോടി രൂപ അനുവദിച്ചത്. തദ്ദേശ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാൽ ഗ്രാമവികസന കമ്മിഷണർ ട്രഷറിയിൽ ബില്ലു കൊടുത്തു പണം മാറി ദാരിദ്ര്യ ലഘൂകരണ വിഭാഗങ്ങൾക്കു നൽകണം.
ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുക കുടിശികയും ഓണം അഡ്വാൻസും ചേർത്തു നൽകാൻ തികയുമോ എന്ന കാര്യവും സംശയമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലും ഈ വർഷം മാർച്ചിലും ശമ്പളം കുടിശികയായിരുന്നു. വിവിധ ജില്ലകളിൽ ചെറിയ തുക അനുവദിച്ച് തൽക്കാല പരിഹാരമാണ് അന്നു സർക്കാർ ചെയ്തത്. ജൂൺ, ജൂലൈ മാസങ്ങളിൽ വീണ്ടും ശമ്പളം മുടങ്ങുകയും ചെയ്തു. ദാരിദ്ര്യ ലഘൂകരണ ജീവനക്കാരുടെ ശമ്പളം ട്രഷറി വഴിയാക്കണമെന്ന ആവശ്യം നടപ്പാക്കാത്തിടത്തോളം ഇനിയും ശമ്പളം മുടങ്ങുമെന്ന് ഉറപ്പാണ്. പഞ്ചായത്തീരാജ് നടപ്പാക്കിയപ്പോൾ ജില്ലാ, ഗ്രാമ വികസന ഏജൻസികളെ ജില്ലാ പഞ്ചായത്തിനോടു ലയിപ്പിച്ച അന്നു തുടങ്ങിയതാണ് ജീവനക്കാരുടെ കഷ്ടകാലം.
കേന്ദ്ര സർക്കാരിന്റെ പദ്ധതി നടത്തിപ്പിനായുള്ള ഭരണ ചെലവിൽ നിന്നാണ് ജീവനക്കാരുടെ ശമ്പളം നൽകുന്നത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ മുഴുവൻ മാനദണ്ഡങ്ങളും അനുസരിച്ചു പദ്ധതി നടപ്പാക്കാൻ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ പലപ്പോഴും സാധിക്കില്ല. ഉത്തരേന്ത്യയിലെ സാഹചര്യം അനുസരിച്ചായിരിക്കും മാനദണ്ഡങ്ങൾ ഉണ്ടാക്കുന്നത്. ഇതുപ്രകാരം കേന്ദ്ര പദ്ധതിക്ക് അർഹരായി കേരളത്തിൽ ആരുമുണ്ടാകാത്ത അവസ്ഥയുണ്ട്. മുൻവർഷങ്ങളിൽ പാവപ്പെട്ടവർക്ക് 43,000 വീടുകൾ അനുവദിച്ചിട്ട് മാനദണ്ഡങ്ങൾ നോക്കിയപ്പോൾ ആകെ നൽകാനായത് 12,000 വീടുകളാണ്. പദ്ധതികളിലുണ്ടാകുന്ന ഈ കുറവ് ഭരണ നിർവഹണ ചെലവിലും പ്രതിഫലിക്കും. ഇതാണ് പലപ്പോഴും ഇവരുടെ ശമ്പളം മുടങ്ങുന്നതിലേക്ക് എത്തിക്കുന്നത്.
ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലേക്കു മാറ്റം കിട്ടിയാൽ പോകാൻ ഉദ്യോഗസ്ഥർ തയാറല്ല. നിയമനം കിട്ടിയവരാകട്ടെ സ്വാധീനം ഉപയോഗിച്ച് എങ്ങനെയും വകുപ്പുമാറാൻ വഴി അന്വേഷിക്കുന്നു. ചുരുക്കത്തിൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനപ്രിയ പദ്ധതികളുടെ നടത്തിപ്പ് താളം തെറ്റുന്ന സ്ഥിതിയാണ് കേരളത്തിൽ. ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പഞ്ചായത്തിൽ ലയിപ്പിച്ചെങ്കിലും പഞ്ചായത്തിന്റെ ഫണ്ട് ഇവിടത്തെ ജീവനക്കാരുടെ ശമ്പളത്തിന് ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ, ശമ്പള മുടക്കം പതിവാകുമ്പോൾ ജീവനക്കാർക്ക് പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നു പണം വകമാറ്റി നൽകാറുണ്ട്. ഇതിന്റെ പേരിൽ പല ജില്ലാ പഞ്ചായത്തുകളിലും ഓഡിറ്റ് ഒബ്ജക്‌ഷൻ നിലനിൽക്കുന്നു. ജീവനക്കാർക്കുള്ള ശമ്പള വിഹിതം ലഭിക്കുമ്പോൾ ആ പണം ഉപയോഗിച്ചു പഞ്ചായത്തിന്റെ കടം തീർക്കണം. സ്ഥിരം ജീവനക്കാർ അടക്കം ഒരു ജില്ലയിൽ 23–24 പേരാണ് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലുള്ളത്.