ശ്രീജിത്ത് കസ്റ്റഡി മരണം: സിബിഐ അന്വേഷിക്കേണ്ടെന്ന് ഡിവിഷൻ ബെഞ്ചും

കൊച്ചി ∙ വരാപ്പുഴ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. പൊലീസ് അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്നാണു മനസ്സിലാകുന്നത്. പ്രത്യേകാന്വേഷണ സംഘം വേണ്ട നടപടികളെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.

സിംഗിൾ ജഡ്ജിയുടെ വിലയിരുത്തൽ ശരിയല്ലെന്നു വ്യക്തമാക്കി ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് അപ്പീൽ നൽകിയത്. പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം ഫലപ്രദമാവില്ലെന്നു ഹർജിക്കാരി ആരോപിച്ചു. അഖിലയുടെ അവസ്ഥയിൽ അനുകമ്പയുണ്ടെന്നു കോടതി വാദത്തിനിടെ പറഞ്ഞു.

എന്നാൽ, പൊലീസുകാർ പ്രതികളായ എല്ലാ കേസുകളിലും സിബിഐ അന്വേഷണം സാധ്യമല്ലെന്നും പരാമർശിച്ചു. ഇടതുപക്ഷ പാർട്ടി അനുഭാവിയായിരുന്ന ശ്രീജിത്ത് മറ്റൊരു പാർട്ടിയോട് അടുത്തതിലുള്ള വിരോധത്തിൽ, പ്രാദേശിക രാഷ്ട്രീയനേതൃത്വം പൊലീസുമായി ഗൂഢാലോചന നടത്തി ശ്രീജിത്തിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തുവെന്ന് ആരോപിച്ചായിരുന്നു അപ്പീൽ.