Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ.വി. ജോര്‍ജിനെ തിരിച്ചെടുത്തു; ഇന്‍റലിജന്‍സ് എസ്പിയായി നിയമനം

AV George

തിരുവനന്തപുരം∙ വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസില്‍ ആരോപണവിധേയനായ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇന്റലിജന്‍സ് എസ്പിയായാണ് എ.വി. ജോര്‍ജിനെ തിരിച്ചെടുത്തത്. കസ്റ്റഡി കൊലപാതകത്തില്‍ ജോര്‍ജിനു പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി. എന്നാല്‍ വകുപ്പുതല അന്വേഷണം തുടരുമെന്നും ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കി.

എ.വി. ജോര്‍ജിന്റെ നേതൃത്വത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സാണു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതും മര്‍ദിച്ചു കൊലപ്പെടുത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളെ പ്രതികളാക്കി അറസ്റ്റും ചെയ്തിരുന്നു. ഇതില്‍ എസ്പിയായിരുന്ന എ.വി.ജോർ‍ജിനും പങ്കുണ്ടെന്നു ശ്രീജിത്തിന്റെ കുടുംബം അടക്കം ആരോപിച്ചതോടെയായിരുന്നു ആദ്യം എസ്പി സ്ഥാനത്തുനിന്നു നീക്കിയതും പിന്നീടു സസ്പെന്‍ഡ് ചെയ്തതും.

എന്നാല്‍ എ.വി. ജോര്‍ജ് കുറ്റക്കാരനല്ലെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെയും സര്‍ക്കാരിന്റെയും നിലപാട്. ഇതോടെയാണ് കേസ് അന്വേഷണം തീരും മുൻപു തന്നെ സര്‍വീസില്‍ തിരികെയെത്താന്‍ വഴിയൊരുങ്ങിയത്.