Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാരെ തിരിച്ചെടുത്തത് ലോക്കപ്പ് കൊലപാതകങ്ങളെ പ്രോൽസാഹിപ്പിക്കും: ചെന്നിത്തല

കൊച്ചി ∙ വരാപ്പുഴ ശ്രീജിത് വധക്കേസിൽ പ്രതികളായ പൊലീസുകാരെ തിരിച്ചെടുക്കാനുള്ള സർക്കാർ തീരുമാനം ലോക്കപ്പ് കൊലപാതകങ്ങളെ പ്രോൽസാഹിപ്പിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നു ഭയന്നാണു 4 കക്ഷികളെക്കൂടി എൽഡിഎഫിൽ ഉൾപ്പെടുത്തിയത്. പിഎസ്‍സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തതിൽ തെറ്റില്ല. അദ്ദേഹം കോൺഗ്രസിന്റെ പ്രാഥമിക അംഗം പോലുമല്ല.

എൽഡിഎഫിന്റെ വർഗീയ,അഴിമതി വിരുദ്ധ മേലങ്കി അഴിഞ്ഞു വീണു. എം.പി.വീരേന്ദ്ര കുമാറിനും ആർ.ബാലകൃഷ്ണപിള്ളയ്ക്കുമെതിരെ മുൻപു സ്വീകരിച്ച നിലപാട് എങ്ങനെ മാറിയെന്നു മുഖ്യമന്ത്രിയും ഇടതു നേതാക്കളും പറയണം. ബാലകൃഷ്ണപിള്ളയ്ക്കെതിരെ കേസ് നടത്തി ജയിലിലാക്കിയതു വി.എസ്.അച്യുതാനന്ദനാണ്. വിഎസ് നിലപാടു വ്യക്തമാക്കണം. ഐഎൻഎൽ കാൽ നൂറ്റാണ്ടിനുശേഷം വർഗീയ കക്ഷി അല്ലാതായോയെന്നും രമേശ് ചോദിച്ചു.

വനിതാ മതിലിനായി ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗിക്കുകയാണ്. മതിലിൽ പങ്കാളിയായില്ലെങ്കിൽ ജോലി ഇല്ലാതാക്കുമെന്നു കുടുംബശ്രീ, ആശ വർക്കർമാരെ ഉദ്യോഗസ്ഥർ മുഖേന ഭീഷണിപ്പെടുത്തുകയാണ്. ഏതാനും ഹിന്ദു സംഘടനകളെ മാത്രം ഉൾപ്പെടുത്തി സർക്കാരാണു മതിൽ ഒരുക്കുന്നത്. മറ്റു സമുദായങ്ങൾക്കു കേരള നവോത്ഥാനത്തിൽ പങ്കില്ലേ? വർഗീയ മതിലിൽ പങ്കെടുക്കാതെ ജനങ്ങൾ വിട്ടു നിൽക്കണം. ശബരിമലയിൽ, നാറാണത്തു ഭ്രാന്തനെപ്പോലെയാണു സർക്കാർ പെരുമാറുന്നത്. യുവതികളെ കൊണ്ടുവരുന്നു, അതേ വേഗത്തിൽ തിരിച്ചിറക്കുന്നു. ശബരിമല തീർഥാടനത്തെ അട്ടിമറിക്കാനാണു സർക്കാർ ശ്രമം. ബിജെപിയെയും ആർഎസ്‌എസിനെയും ശക്തിപ്പെടുത്തുകയാണു സർക്കാർ അജണ്ടയെന്നും രമേശ് ആരോപിച്ചു.

related stories