മന്ത്രി രാജു ഓടി രക്ഷപ്പെട്ടു; ചോദ്യങ്ങളുടെ വെള്ളപ്പൊക്കത്തിൽനിന്ന്

കോട്ടയം കലക്ടറേറ്റിൽ യോഗത്തിനുശേഷം, വെള്ളപ്പൊക്ക സമയത്തെ വിദേശയാത്രാ വിവാദം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറുന്ന മന്ത്രി കെ.രാജു

കോട്ടയം∙ പ്രളയ കാലത്തെ വിവാദ ജർ‌മൻയാത്ര സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിശദീകരണം നൽകിയെന്ന് മന്ത്രി കെ.രാജു പറഞ്ഞു. 

ജില്ലയിലെ ദുരിതാശ്വാസ അവലോകന യോഗത്തിനെത്തിയ മന്ത്രി വിവാദയാത്രയെപ്പറ്റി മാധ്യമ പ്രവർത്തകരുടെ ചോദ്യം വന്നതോടെ കൂടുതലൊന്നും പറയാതെ അതിവേഗം സ്ഥലംവിട്ടു. ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ പിന്നാലെ ഓടിയെങ്കിലും മന്ത്രി പിടികൊടുത്തില്ല. 

കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി രാജു വിദേശത്തായിരുന്നതിനാൽ ഒരാഴ്ചയ്ക്കു ശേഷമാണ് ഇവിടെയെത്തി അവലോകന യോഗം ചേർന്നത്. 

രഹസ്യ സ്വഭാവത്തിൽ, ബന്ധപ്പെട്ട വകുപ്പ് തലവൻമാരെ മാത്രം വിളിച്ചുകൂട്ടിയായിരുന്നു യോഗം. മന്ത്രി അവലോകനത്തിന് എത്തുന്ന വിവരം പരസ്യമാക്കിയിരുന്നുമില്ല. മന്ത്രിക്കെതിരെ പ്രതിഷേധം ഉയരാനുള്ള സാധ്യത കണക്കിലെടുത്തു വൻ പൊലീസ് സുരക്ഷയാണ് കലക്ടറേറ്റിലും പരിസരത്തും ഒരുക്കിയത്. 

ദുരിതാശ്വാസം സംബന്ധിച്ച നടപടികൾ ഭംഗിയായി നടന്നതിലുള്ള സംതൃപ്തി അറിയിച്ചതിനൊപ്പം ‘തന്റെ വിദേശയാത്ര മാത്രമാണ് വിവാദമായതെന്ന്’ മന്ത്രി പരാമർശിച്ചത് ഉദ്യോഗസ്ഥർക്കിടയിൽ ചിരി പടർത്തി. 

ഓഗസ്റ്റ് 15നു കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയും ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്ത മന്ത്രി 16നു ജർമനിയിലേക്കു പോകുകയായിരുന്നു.