അയ്യൻകാളിയുടെ 155–ാം ജയന്തി ആഘോഷിച്ചു

അയ്യൻകാളി ജയന്തി ആഘോഷം തിരുവനന്തപുരത്തു വെള്ളയമ്പലം അയ്യൻകാളി സ്ക്വയറിൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തപ്പോൾ. ഡപ്യുട്ടി സ്പീക്കർ വി.ശശി, ബി.സത്യൻ എംഎൽഎ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ സമീപം ചിത്രം: മനോരമ.

തിരുവനന്തപുരം∙ സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന അയ്യൻകാളിയുടെ 155–ാം ജയന്തി ആഘോഷത്തിൽ നാടും നഗരവും പങ്കു ചേർന്നു. സംസ്ഥാന പട്ടികജാതി വികസന വകുപ്പിനു പുറമെ തലസ്ഥാനത്തു വിവിധ സംഘടനകളുടെയും ദലിത് കൂട്ടായ്മകളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷം. വെള്ളയമ്പലം സ്ക്വയറിലെ അയ്യൻകാളി പ്രതിമയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പുഷ്പാർച്ചന നടത്തി. മകൾ തങ്കമ്മയുടെയും തിരു– കൊച്ചി നിയമസഭാ സ്പീക്കറായിരുന്ന ടി.ടി.കേശവൻ ശാസ്ത്രിയുടെയും മകൻ ടി.കെ.അനിയൻ, മൂത്തപുത്രൻ പൊന്നുവിന്റെ മകൻ പി.പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ‘അയ്യൻകാളിയും കേരള നവോത്ഥാനവും’ എന്ന വിഷയത്തിൽ ചർച്ച നടന്നു.

∙ സ്വാതന്ത്ര്യമില്ലാത്ത കാലത്തു പ്രതിഷേധത്തിന്റെ അഗ്നി തെളിച്ചു കേരളത്തിനു വെളിച്ചം പകർന്ന മഹാനായിരുന്നു അയ്യൻകാളിയെന്നു മന്ത്രി എ.കെ.ബാലനും നവകേരളം സൃഷ്ടിക്കുന്നതിൽ അയ്യൻകാളി നടത്തിയ പോരാട്ടങ്ങളെ ഏറെ ആദരവോടെയാണു കേരളം കാണുന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രനും പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച ജയന്തി ആഘോഷത്തിൽ അഭിപ്രായപ്പെട്ടു.

∙ ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന സമിതിയുടെ അയ്യൻകാളി ജയന്തി ആഘോഷ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ദലിത് സമൂഹത്തിനു മനുഷ്യമുഖം നൽകുന്നതിനു പ്രയത്നിച്ച ചരിത്രപുരുഷനാണ് അയ്യൻകാളിയെന്ന് അദ്ദേഹം പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് സർക്കാരുകൾ അയ്യൻകാളിയുടെ സ്വപ്നത്തിനു വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, ശശിതരൂർ എംപി, വി.എസ്.ശിവകുമാർ എംഎൽഎ, ആർ.വത്സലൻ, ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.

∙ കേരള ചേരമർ സംഘത്തിന്റെ ജയന്തി ആഘോഷം ചേരമർ സംഘം രക്ഷാധികാരി ജഗതി രാഘവൻ ഉദ്ഘാടനം ചെയ്തു.