പി.വി അൻവറിന്റെ പാർക്കിനു സമീപം വ്യാപക ഉരുൾപൊട്ടൽ; പുറത്തറിയാതിരിക്കാൻ‌ പരിസരങ്ങളിൽ കാവൽ

കക്കാടംപൊയിലിൽ പി.വി. അൻവർ എംഎൽഎയുടെ വാട്ടർതീം പാർക്കിന്റെ പരിസരങ്ങളിൽ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളുടെ ആകാശ ദ‍ൃശ്യം. മരങ്ങളും മറ്റും കുത്തിയൊലിച്ചു പോയതു കാണാം.

കൂടരഞ്ഞി(കോഴിക്കോട്)∙ കക്കാടംപൊയിലിലെ വിവാദ വാട്ടർതീം പാർക്കിനു സമീപം വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ഒരാഴ്ച മുൻപു നടന്ന സംഭവം പുറത്തറിയാതിരിക്കാൻ പരിസരങ്ങളിൽ ആളുകളുടെ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.

പാർക്ക് വിവാദമായതിനെത്തുടർന്ന് പി.വി. അൻവർ എംഎൽഎയുടെ രണ്ടാം ഭാര്യ ഹഫ്സത്തിന്റെ പേരിലേക്ക് പാർക്കിന്റെ ഉടമസ്ഥാവകാശം രണ്ടാഴ്ച മുൻപു മാറ്റിയിരുന്നു. ജൂൺ 13, 14 തീയതികളിലായി പാർക്കിൽ രണ്ടിടത്ത് ഉരുൾപൊട്ടിയിരുന്നു. അന്ന് പാർക്കിലെ നീന്തൽകുളത്തിനു താഴെയും ജലസംഭരണിയുടെ മുകൾഭാഗത്തുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. രണ്ടു മാസത്തിനു ശേഷം പാർക്കിനു സമീപം എട്ടിടത്താണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരിക്കുന്നത്. എന്നാൽ, സംഭവങ്ങൾ അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

ആദ്യ ഉരുൾപൊട്ടലിനെ തുടർന്ന് വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്തനിവാരണവിഭാഗം പാർക്കിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ തുടർന്നുള്ള ഒരു പരിശോധനയും ഇവിടെ നടത്തിയില്ലെന്നു മാത്രമല്ല പാർക്കിനു സമീപം മണ്ണിടിച്ചിൽ സാധ്യതയില്ലെന്ന റിപ്പോർട്ട് നൽകുകയും ചെയ്തു.

11 ഏക്കറിലുള്ള പാർക്കിൽ നീന്തൽക്കുളത്തിനു താഴെയും കുട്ടികളുടെ പാർക്കിനു താഴെയും ജനറേറ്റർ മുറിയുടെ സമീപവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. പാർക്കിലെ താൽക്കാലിക റോഡും തകർന്നു. സമുദ്രനിരപ്പിൽനിന്ന് 2500 അടിയോളം ഉയരത്തിൽ മലയുടെ ഒരുവശം ഇടിച്ചു നിർമിച്ച പാർക്കും അപകടഭീഷണിയിലാണ്.

കൈക്കോട്ടും ജെസിബിയും കടന്നുചെല്ലാത്ത കാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നത് മണ്ണിടിച്ചിട്ടും ക്വാറി നടത്തിയിട്ടുമാണോ എന്ന് കഴിഞ്ഞദിവസം ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അൻവർ ചോദിച്ചിരുന്നു. കൂടരഞ്ഞി വില്ലേജ് ഓഫിസർ ഒരാഴ്ച മുൻപ് പാർക്കിൽ ഉണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ചും മണ്ണിടിച്ചിലിനെക്കുറിച്ചും താലൂക്ക് ഓഫിസിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിലും തുടർനടപടികളുണ്ടായിട്ടില്ല.