കോഴിക്കോട് ∙ ഭക്ഷണശാലയ്ക്കു നൽകിയ അനുമതിയുടെ മറവിൽ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണയ്ക്കു കുറുകെ റോപ്‌വേ കെട്ടിയ സംഭവത്തിൽ പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്റെ നടപടി. നിലമ്പൂർ സ്വദേശി എം.പി.വിനോദ് നൽകിയ പരാതിയിൽ എംഎൽഎയുടെ ഭാര്യാപിതാവ് സി.കെ.അബ്ദുൽ ലത്തീഫ്, ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി, മലപ്പുറം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്കു നോട്ടിസ് അയയ്ക്കാൻ കോഴിക്കോട്ടു നടത്തിയ സിറ്റിങ്ങിൽ ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ ഉത്തരവിട്ടു.
മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ വനത്തിലേക്കൊഴുകുന്ന അരുവിക്കു കുറുകെ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ കലക്ടർ ഉത്തരവിട്ടിരുന്നു. തുടർന്നാണു ഭക്ഷണശാലയ്ക്കായി കെട്ടിടം നിർമിക്കാൻ പഞ്ചായത്തിൽനിന്നു പെർമിറ്റ് നേടിയശേഷം റോപ്‌വേ നിർമിച്ചത്. ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർക്കും പരാതി കൊടുത്തെങ്കിലും നടപടി ഇല്ലാതെ വന്നതിനാലാണ് ഓംബുഡ്സ്മാനെ സമീപിച്ചത്.
ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്നു കോഴിക്കോട് കലക്ടർ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ വിവാദ പാർക്കിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയാണു ചീങ്കണ്ണിപ്പാലിയിലെ തടയണ. വനഭൂമിയോടു ചേർന്നു റോപ്‍വേയും ടൂറിസം പദ്ധതിയും വരുന്നതു വനത്തെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുമെന്നു കാട്ടി പെരിന്തൽമണ്ണ സബ് കലക്ടർക്കു നിലമ്പൂർ നോർത്ത് ഡിഎഫ്ഒ റിപ്പോർട്ട് നൽകിയിരുന്നു.