കൊച്ചി∙ പി.വി. അൻവർ എംഎൽഎ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ ഉത്തരവ് പുനപരിശോധിക്കണമെന്ന അന്‍വറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. പ്രവാസി വ്യവസായിയായ പാണക്കാട് സ്വദേശി സലീമിന്റെ ഹര്‍ജിയിലാണു ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
ബിസിനസ് പങ്കാളിയാക്കാമെന്ന് ഉറപ്പുനൽകി 50 ലക്ഷം രൂപ വാങ്ങിയ ശേഷം കബളിപ്പിച്ചു എന്നാണു കേസ്. കഴിഞ്ഞവർഷം ഡിസംബറിൽ മഞ്ചേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ അന്വേഷണം പൂർത്തിയായിട്ടില്ല. എംഎൽഎ ആയ പ്രതി സ്വാധീനശേഷിയുള്ള ആളാണ് എന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണം എന്ന ഉത്തരവ് പുനഃപരിശോധിക്കാന്‍ കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.