Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പമ്പയിൽ പ്രളയജലം തിരിച്ചുവിട്ട് ത്രിവേണി നടപ്പാത വീണ്ടെടുക്കാൻ ശ്രമം തുടരുന്നു

Pamba-Triveni

ശബരിമല∙ കന്നിമാസ പൂജയ്ക്ക് അയ്യപ്പന്മാരെ പമ്പയിൽ നിന്നു സന്നിധാനത്തേക്കു കടത്തി വിടാനുള്ള കഠിന പരിശ്രമത്തിലാണ് ദേവസ്വം ബോർഡ്. പ്രളയത്തിൽ തകർന്നടിഞ്ഞ പമ്പാ ത്രിവേണിയിൽ ഇതിനായി പാതയൊരുക്കാനുള്ള ജോലിയിലാണവർ. ത്രിവേണിയിൽ മണ്ണിനടിയിൽ ആണ്ടു പോയ രണ്ടു പാലങ്ങളും കണ്ടെത്തി.

തകർന്ന നടപ്പന്തലിന്റെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ നടന്നു പോകാവുന്ന വിധത്തിൽ നീക്കം ചെയ്യും. ത്രിവേണിയിലെ രണ്ടു പാലത്തിലൂടെയും മറുകര എത്തിയാൽ പമ്പാനദി വീണ്ടും ഇറങ്ങി കയറണം. പമ്പാനദിയിലെ വെള്ളം പാലത്തിനടിയിലൂടെ തിരിച്ചുവിടാനുള്ള പണി പുരോഗമിക്കുന്നു.

ഗതി മാറി ഒഴുകിയ നദി പലയിടത്തും വലിയ ഗർത്തങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആ ഭാഗങ്ങളിൽ മണൽ ചാക്ക് അടുക്കും. ഇതിനായി ചാക്കിൽ മണൽ നിറയ്ക്കുന്നു. അഞ്ച് മണ്ണുമാന്തി യന്ത്രങ്ങൾ രാത്രിയും പകലും മണ്ണു നീക്കുന്നു. കന്നിമാസ പൂജയ്ക്ക് 16ന് വൈകിട്ട് അഞ്ചിനു നട തുറക്കും. 21 വരെ പൂജകൾ ഉണ്ടാകും.

ഇപ്പോഴത്തെ രീതിയിൽ പണികൾ നടന്നാൽ 16ന് മുൻപ് ത്രിവേണിയിൽ നടപ്പാത ഒരുക്കാൻ കഴിയും.

ദേവസ്വം സംഘം ഇന്നു മല കയറും

പത്തനംതിട്ട∙ മഹാപ്രളയത്തിനു ശേഷം ആദ്യമായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഒരുസംഘം ഇന്നു ശബരിമല കയറും. ഗണപതി അമ്പലം വരെ കയറിയ ശേഷം മടങ്ങാനാണ് തീരുമാനമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു. രാവിലെ പത്തരയ്ക്കു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മല കയറാൻ തുടങ്ങും.

related stories