നെടുമ്പാശേരി ∙ വെള്ളപ്പൊക്ക കെടുതികളിൽ നിന്നു വിമാനത്താവളത്തെയും പരിസരപ്രദേശങ്ങളെയും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സിയാലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനു ഡച്ച് (നെതർലൻഡ്സ്) സാങ്കേതിക വിദഗ്ധരുടെ സഹായം തേടി. സിയാലിന്റെ അഭ്യർഥനയെത്തുടർന്ന് രണ്ടംഗ ഡച്ച് സാങ്കേതിക സംഘം അടുത്തയാഴ്ചയിൽ കൊച്ചിയിലെത്തും.
രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും മിക്കവാറും സമയങ്ങളിൽ വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്ന നെതർലൻഡ്സിൽ നിന്നുള്ള വിദഗ്ധരാണ് സിയാലിലെത്തുന്നത്. അവിടെ വെള്ളപ്പൊക്കം തടയുന്നതിനു പ്രത്യേക പദ്ധതികൾക്കു രൂപം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്ക നിവാരണത്തിനുള്ള പ്രാഥമിക പഠനങ്ങൾ കിറ്റ്കോയുടെയും ജലസേചന വകുപ്പിന്റെയും സഹകരണത്തോടെ സിയാൽ ആരംഭിച്ചു. വിമാനത്താവള പരിസരത്തെ അങ്കമാലി നഗരസഭയും കാഞ്ഞൂർ പഞ്ചായത്തും കേന്ദ്രീകരിച്ച് സംയുക്ത സമിതിയുടെ പഠനങ്ങളും സർവേകളും നടന്നുവരുന്നുണ്ട്.