ന്യൂഡൽഹി/ തിരുവനന്തപുരം ∙ സംസ്ഥാനത്തെ നാല് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 550 സീറ്റുകളിലേക്കു പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. തൊടുപുഴ അൽ അസ്ഹർ, വർക്കല എസ്ആർ, പാലക്കാട് പികെ ദാസ്, ഡിഎം വയനാട് മെഡിക്കൽ കോളജുകൾക്കെതിരെയാണ് വിധി. ഈ കോളജുകളെക്കൂടി ഉൾപ്പെടുത്തി ചൊവ്വാഴ്ച തുടങ്ങിയ എംബിബിഎസ്, ബിഡിഎസ് മോപ് അപ് കൗൺസലിങ് പ്രവേശനപരീക്ഷാ കമ്മിഷണർ നിർത്തിവച്ചു.
നാലു കോളജുകളിലായി ശേഷിച്ച 68 സീറ്റുകളിലേക്കുള്ള പ്രവേശനത്തിനു വിദ്യാർഥികളെ കൗൺസലിങ് ഹാളിലേക്കു ക്ഷണിക്കുമ്പോഴാണ് സ്റ്റേ വാർത്തയെത്തിയത്. ഇനി, അന്തിമ വിധിവരുമ്പോൾ തുടർനടപടികൾ തീരുമാനിച്ച് വിജ്ഞാപനം ഇറക്കും.
മെഡിക്കൽ കൗൺസിൽ (എംസിഐ) നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. തലങ്ങും വിലങ്ങും പ്രവേശനാനുമതി നൽകുന്ന രീതി അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. അതേസമയം, ഹൈക്കോടതി വിധി ന്യായമെന്നു സ്ഥാപിക്കാൻ കോളജുകൾക്കു സാധിച്ചാൽ സ്റ്റേ നീക്കുന്നത് ഇന്നു പരിഗണിക്കാമെന്നു ജഡ്ജിമാരായ അരുൺ മിശ്ര, വിനീത് ശരൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.