മോപ് അപ് കൗൺസലിങ് വീണ്ടും എട്ട്, ഒൻപത് തീയതികളിൽ

തിരുവനന്തപുരം∙ ബുധനാഴ്ച നിർത്തിവച്ച എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള മോപ് അപ് കൗൺസലിങ് (സ്പോട് അഡ്മിഷൻ) എട്ട്, ഒൻപത് തീയതികളിൽ പ്രവേശന പരീക്ഷാ കമ്മിഷണർ വീണ്ടും നടത്തും. നാലു സ്വാശ്രയ മെഡിക്കൽ കോളജുകളുടെ പ്രവേശനാനുമതി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണു കൗൺസലിങ് നിർത്തിവച്ചത്.

സുപ്രീംകോടതിയുടെ അന്തിമ വിധി ഇന്നലെ പ്രതീക്ഷിച്ചെങ്കിലും വരാത്ത സാഹചര്യത്തിലാണു കോടതി വിധിക്കു വിധേയമായി പ്രവേശന നടപടികളിലേക്കു കടക്കുന്നത്. വിധി ബാധകമാകാത്തതും തർക്കമില്ലാത്തതുമായ സീറ്റുകളിലേക്കുള്ള പ്രവേശനമാകും നടത്തുക. പ്രവേശന നടപടി അവസാനിപ്പിക്കേണ്ട 10നു ഭാരത് ബന്ദ് ആയതിനാൽ ഒരു ദിവസം നഷ്ടമായി. വിദ്യാർഥികൾക്കു മുൻകൂട്ടി ഒരുങ്ങുന്നതിനാണ് അന്തിമ വിധി വരുന്നതിനു മുമ്പേ മോപ് അപിന്റെ തീയതി അറിയിക്കുന്നതെന്നു പ്രവേശന പരീക്ഷാ കമ്മിഷണർ പി.കെ.സുധീർബാബു അറിയിച്ചു.

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ഓൾഡ് ഓഡിറ്റോറിയത്തിൽ നടത്തുന്ന കൗൺസലിങ്ങിൽ നാലു സ്വാശ്രയ കോളജുകളിലെ 550 സീറ്റ് ഒഴിവാക്കുന്നതോടെ ശേഷിക്കുന്നത് 165 എംബിബിഎസ് സീറ്റും 599 ബിഡിഎസ് സീറ്റുമായിരിക്കും. കൗൺസലിങ് തുടങ്ങും മുമ്പു കോടതി വിധി വരുമെന്ന പ്രതീക്ഷയിലാണു പ്രവേശന പരീക്ഷാ കമ്മിഷണർ. നാലു മെഡിക്കൽ കോളജുകളിൽ പ്രവേശനാനുമതി ഇല്ലെങ്കിൽ അവിടെ പ്രവേശനം നേടിയ വിദ്യാർഥികളെ മറ്റു കോളജുകളിലും കോഴ്സുകളിലും പ്രവേശിപ്പിക്കേണ്ടി വരും.

ഇതോടെ കഴിഞ്ഞ ദിവസം നടത്തിയ സ്പോട് അഡ്മിഷൻ പാഴാകും. അന്തിമ വിധി വരുന്ന മുറയ്ക്കു സീറ്റുകളുടെ ലഭ്യതയും പങ്കെടുക്കുന്ന കോളജുകളുടെ പേരുകളും ഉൾപ്പെടുത്തി വിശദ വിജ്ഞാപനം കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. തൊടുപുഴ അൽ അസ്ഹർ, ഡിഎം വയനാട്, ഒറ്റപ്പാലം പി.കെ.ദാസ്, വർക്കല എസ്‌ആർ മെഡിക്കൽ കോളജുകളിലെ 68 എംബിബിഎസ് സീറ്റ് ഒഴികെയെല്ലാം നികത്തിയ ഘട്ടത്തിലാണു സ്റ്റേ വന്നത്. മതിയായ സൗകര്യം ഇല്ലാത്തതിനെ തുടർന്നാണ് ഈ കോളജുകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവേശനാനുമതി തടഞ്ഞത്.