Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാർ: കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അവസരത്തിനൊത്തുയരണമെന്ന് സുപ്രീം കോടതി

mullaperiyar-142

ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ടു വിഷയത്തിൽ കേന്ദ്രവും കേരളത്തിലെയും തമിഴ്നാട്ടിലെയും സർക്കാരുകളും അവസരത്തിനൊത്ത് ഉയരണമെന്നു സുപ്രീം കോടതി. ജലനിരപ്പിന്റെ കാര്യത്തിൽ മൂന്നു സമിതികളുടെ ഇടപെടൽ നിർദേശിച്ചു കഴിഞ്ഞ 17നു നൽകിയ ഉത്തരവ് പ്രാബല്യത്തിൽ തുടരുമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ജലനിരപ്പു 139 അടിയായി താഴ്ത്തുന്നതിന്റെ സാധ്യത വിദഗ്ധ സമിതി പരിശോധിക്കണമെന്നും ജലനിരപ്പു താഴ്ത്താൻ തീരുമാനിച്ചാൽ തമിഴ്നാട് അതു കർശനമായി പാലിക്കണമെന്നുമാണു 17നു കോടതി പറഞ്ഞത്. ദുരന്തനിവാരണ നിയമപ്രകാരമുള്ള ഉപസമിതി, ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എൻസിഎംസി), മുല്ലപ്പെരിയാർ അണക്കെട്ടു നിരീക്ഷണ സമിതി എന്നിവയാണു ജലനിരപ്പു താഴ്ത്തുന്നതിന്റെ സാധ്യത പരിശോധിക്കേണ്ടതെന്നും പറഞ്ഞിരുന്നു.

കേസ് എട്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ കഴിഞ്ഞ ജനുവരിയിൽ തീർപ്പാക്കിയ ഹർജിയുടെ ചുവടുപിടിച്ചു മനോജ് വി.ജോർജ് എന്ന അഭിഭാഷകൻ നൽകിയ ഇടക്കാല അപേക്ഷയാണു കോടതിയുടെ പരിഗണനയിലുള്ളത്. കേസിന്റെ വാദത്തിനിടെ, അപേക്ഷകൻ കേരളത്തിന്റെ ഏജന്റാണെന്നു തമിഴ്നാടിനുവേണ്ടി ഹാജരായ ശേഖർ നാഫ്ഡെ ആരോപിച്ചു.

2014ലെ വിധിയെ മറികടക്കാനാണു കേരളത്തിന്റെ ശ്രമമെന്നും. എന്നാൽ, അണക്കെട്ടുകളുടെ മാനേജ്മെന്റിൽ കേരളത്തിനു പിഴവുണ്ടായെന്നും അതും പ്രളയത്തിനു കാരണമായെന്നാണു തന്റെ നിലപാടെന്നും മനോജ് വാദിച്ചു. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചു രാജ്യാന്തര സമിതി പഠിക്കണം. എന്നാൽ, തങ്ങൾക്ക് അത്തരമൊരു വാദമില്ലെന്നു കേരളത്തിനുവേണ്ടി ഹാജരായ ഹരീഷ് സാൽവെ പറഞ്ഞു.

related stories