ആലപ്പുഴ∙ ദേശീയപാതയുടെ തുറവൂർ–ഓച്ചിറ–കഴക്കൂട്ടം ഭാഗം നാലുവരിയാക്കുന്ന ജോലികൾ നിർത്തി. തുറവൂർ മേഖലയിലെ സർവേയിൽ പിഴവുകൾ ഉണ്ടായതാണു കാരണമെന്നു ദേശീയപാതാ അതോറിറ്റി. ഇപ്പോഴത്തെ ജോലികൾ നിർത്തി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചതു പുനഃപരിശോധിക്കാൻ കൺസൽറ്റന്റായ എസ്എംഇസി ഇന്ത്യ എന്ന കമ്പനിയോട് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
അംഗീകരിച്ച അലൈൻമെന്റ് അനുസരിച്ചും പിശകുകളുണ്ടെങ്കിൽ അതും പരിഹരിച്ചേ ഇനി അതിർത്തിക്കല്ലുകൾ സ്ഥാപിക്കൂ. വിവരാവകാശ അപേക്ഷയിലുള്ള മറുപടിയിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. നാലുവരിപ്പാതയ്ക്കായി അതിർത്തി നിശ്ചയിച്ചതിനെപ്പറ്റി പലയിടത്തും പരാതിയും പ്രതിഷേധവും ഉണ്ടായിരുന്നു.
തുറവൂരിൽനിന്നു സർവേയും കല്ലിടലും തുടങ്ങിയപ്പോഴേ പ്രശ്നങ്ങളുണ്ടായി. 45 മീറ്ററായാണു വീതി കൂട്ടുന്നത്. ഇരുവശത്തുനിന്നും തുല്യമായി സ്ഥലം എടുക്കുമെന്നാണു പറഞ്ഞതെങ്കിലും ചിലയിടങ്ങളിൽ ഇതു പാലിച്ചില്ലെന്ന് ആക്ഷേപമുണ്ടായി. സർവേ ഉപകരണത്തിലെ പിഴവും തടസ്സമുണ്ടാക്കി. പിന്നീട് പുതിയ ഉപകരണം ഉപയോഗിച്ച് അളന്നെങ്കിലും ഇപ്പോൾ അതും നിർത്തിവച്ചിരിക്കുന്നു.
സാറ്റലൈറ്റ് സംവിധാനം ഉപയോഗിച്ച് ഓച്ചിറ വരെയുള്ള ഭാഗങ്ങൾ പരിശോധിക്കുമെന്നും അതു കഴിഞ്ഞേ കല്ലിടൽ തുടരൂ എന്നും അധികൃതർ പറയുന്നു. എന്നാൽ, ഇതും ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. തുറവൂർ മുതൽ അരൂർ വരെയുള്ള വീതികൂട്ടൽ ഇപ്പോഴും പദ്ധതിയിലില്ല. ഈ ഭാഗത്ത് ഇപ്പോൾ തന്നെ നാലുവരിക്കുള്ള വീതിയുണ്ടെന്നാണ് അധികൃതരുടെ നിലപാട്.