Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനഡയിൽ മലയാളി വിദ്യാർഥി പഠനയാത്രയ്ക്കിടെ മുങ്ങിമരിച്ചു

Anand-Baiju

ടൊറന്റോ (കാനഡ)∙ കാനഡയിൽ മലയാളി വിദ്യാർഥി പഠനയാത്രയ്ക്കിടെ മുങ്ങിമരിച്ചു. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥി തിരുവനന്തപുരം സ്വദേശി ആനന്ദ് ബൈജു (18) ആണു മരിച്ചത്. നീറമൺകര ശങ്കർ നഗറിൽ രാഗംവീട്ടിൽ ബൈജു നാരായണന്റെയും ശ്രീജ ബൈജുവിന്റെയും മകനാണ്. സംസ്കാരം പിന്നീട് ടൊറന്റോയിൽ.

ഹാലിബർട്ടനിലെ മിൻഡനിൽ ഗൾ തടാകത്തിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടം. പഠനത്തിന്റെ ഭാഗമായി തടാകത്തിനു സമീപം സർവകലാശാലയുടെ സർവേ ക്യാംപിൽ അന്നു രാവിലെയാണ് അൻപതിലേറെ വിദ്യാർഥികൾക്കൊപ്പം ആനന്ദ് എത്തിയത്. കഴുത്തറ്റം വെള്ളമുണ്ടായിരുന്ന ഭാഗത്തു ഫ്ലോട്ടിങ് ഡെക്കിൽ പിടിച്ചുനിൽക്കുമ്പോൾ കൈ വഴുതിപ്പോയതാകാമെന്നു സഹപാഠികൾ പറയുന്നു. ആശുപത്രിയിൽ എത്തിക്കുംമുൻപു മരണം സംഭവിച്ചതായാണു റിപ്പോർട്ടുകൾ.

ആനന്ദിനു നീന്തൽ അറിയില്ലായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. അപകടത്തെക്കുറിച്ചു പൊലീസ് അന്വേഷണം തുടങ്ങി. ഭൂസർവേ, ഭൂപ്രകൃതി തുടങ്ങിയവ സംബന്ധിച്ച പഠനങ്ങൾക്കായാണു വിദ്യാർഥികൾ പോയതെന്നു സർവകലാശാല അറിയിപ്പിൽ പറയുന്നു.

എട്ടുവർഷമായി കുടുംബമായി ടൊറന്റോയ്ക്കു സമീപം മാൾട്ടനിലാണു താമസം. സഹോദരി: അശ്വതി (സ്കൂൾ വിദ്യാർഥി).