തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോൽസവം ആർഭാടമില്ലാതെ ചെലവു ചുരുക്കി നടത്താൻ നിർദേശം നൽകിയതു യുഎസിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാരണമായതു തലസ്ഥാനത്തെ ‘മെട്രോ മനോരമ’യും സൂര്യ കൃഷ്ണമൂർത്തിയും. ‘മേളകൾക്കു വിലങ്ങിടരുത്’ എന്ന തലക്കെട്ടിൽ സൂര്യ കൃഷ്ണമൂർത്തി മെട്രോ മനോരമയിൽ എഴുതിയ ലേഖനം വായിച്ച മുഖ്യമന്ത്രിയാണു മേള ആർഭാടമില്ലാതെ നടത്തുന്നതിന് അനുമതി നൽകിയത്. ഇക്കാര്യം മന്ത്രി ഇ.പി.ജയരാജനും തുടർന്നു മന്ത്രി സി.രവീന്ദ്രനാഥും മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
കലോൽസവം ഉപേക്ഷിക്കരുതെന്നും ചെലവു ചുരുക്കി നടത്തണമെന്നുമായിരുന്നു സൂര്യ കൃഷ്ണമൂർത്തിയുടെ മുഖ്യ ആവശ്യം. ഇതു വായിച്ച മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രി സൂര്യ കൃഷ്ണമൂർത്തിക്ക് എസ്എംഎസ് അയയ്ക്കുകയും ഇന്നലെ രാവിലെ അദ്ദേഹത്തെ ഫോണിൽ വിളിക്കുകയും ചെയ്തു. ‘പ്രിയപ്പെട്ട കൃഷ്ണമൂർത്തി, മേളകളെക്കുറിച്ചുള്ള താങ്കളുടെ ലേഖനം വായിച്ചു. താങ്കളോടു പൂർണമായി യോജിക്കുന്നു. കുറഞ്ഞ ചെലവിൽ കലോൽസവം സംഘടിപ്പിക്കാനാണു സർക്കാർ തീരുമാനം. ഒട്ടേറെ കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭിക്കും. കുട്ടികളെ നിരാശരാക്കാൻ നമുക്കാവില്ല. പിണറായി വിജയൻ’ എന്നായിരുന്നു സന്ദേശം.
തന്നെ കബളിപ്പിക്കാൻ ആരോ അയച്ചതാണെന്നു സംശയിച്ച കൃഷ്ണമൂർത്തി മുഖ്യമന്ത്രിയുടെ ഓഫിസിൽ വിളിച്ചു വിവരം അന്വേഷിച്ചു. തുടർന്നു മുഖ്യമന്ത്രി നേരിട്ടു ഫോണിൽ വിളിച്ചപ്പോഴാണു സന്ദേശം യഥാർഥമാണെന്നു ബോധ്യമായത്. ദുരിതാശ്വാസമായി സർക്കാർ നൽകിയ 10,000 രൂപ, വായ്പയുടെ തിരിച്ചടവായി ബാങ്ക് ഇൗടാക്കിയെന്ന മനോരമ വാർത്തയെത്തുടർന്നും മുഖ്യമന്ത്രി ഇടപെട്ടിരുന്നു. വിഷയത്തിൽ ഇടപെടാൻ മന്ത്രി ഇ.പി.ജയരാജനോടു നിർദേശിച്ചതിനെ തുടർന്ന് അദ്ദേഹം ബാങ്കുമായി ബന്ധപ്പെടുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു.