Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയദുരന്തം: സ്കൂളുകളിൽ ഓണം–ക്രിസ്മസ് പരീക്ഷ ഒന്നാക്കി

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകളിൽ ഓണം, ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കി ഒറ്റ അർധവാർഷിക പരീക്ഷ നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കും. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണപ്പരീക്ഷ നേരത്തേതന്നെ ഉപേക്ഷിച്ചിരുന്നു. അർധവാർഷിക പരീക്ഷ ഏതുമാസം നടത്തണം എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിക്കും. യോഗത്തിനു തീയതി നിശ്ചയിച്ചിട്ടില്ല.

കല, ശാസ്ത്ര, കായികമേളകൾ, വിജയികളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമം എന്ന നിലയിൽ ആർഭാടമില്ലാതെ നടത്തും. ദേശീയ, സംസ്ഥാന അംഗീകാരങ്ങൾ നേടാൻ വിദ്യാർഥികൾക്കു വഴിയൊരുക്കും വിധമായിരിക്കും ഇത്. വിശദാംശങ്ങൾ 17നു മാനുവൽ കമ്മിറ്റി യോഗം തീരുമാനിക്കും. കലോത്സവ മാനുവലിലും മറ്റും ചില മാറ്റങ്ങൾ വരുത്തിയാലേ ആർഭാടമില്ലാതെ മത്സരം നടത്താനാവൂ. സംസ്ഥാന കലോൽസവത്തിന്റെ വേദിയായി ആലപ്പുഴയാണു തീരുമാനിച്ചിരുന്നത്. പ്രളയാനന്തര സ്ഥിതി പരിശോധിച്ച് എവിടെ നടത്തണമെന്നു പിന്നീടു തീരുമാനിക്കും. ചെലവു ചുരുക്കി നടത്താൻ യോജ്യമായ സ്ഥലം തിരഞ്ഞെടുക്കും. തിരുവനന്തപുരത്തു നടത്താൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.

വിവിധ സ്കൂൾ മേളകൾക്കു വ്യത്യസ്ത മാനുവൽ കമ്മിറ്റികളാണു വിദ്യാഭ്യാസ വകുപ്പിലുള്ളത്. വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, എല്ലാ മേളകളുടെയും മാനുവൽ കമ്മിറ്റികളുടെ സംയുക്ത യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.

ചെലവ് 4 കോടി; പന്തൽ വേണ്ട
കലോൽസവത്തിനു പന്തൽ കെട്ടിയുള്ള ആഘോഷങ്ങൾ ഉണ്ടാവില്ല. അതേസമയം, വിദ്യാർഥികൾക്കു സർഗശേഷി പ്രകടിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും അവസരമുണ്ടാകും. സംസ്ഥാന കലോത്സവത്തിനു 4 കോടിയോളം രൂപയാണു ചെലവ്. ഇതു പരമാവധി ചുരുക്കി തുക സ്പോൺസർമാരിൽനിന്നു കണ്ടെത്താനാണു ശ്രമം.

related stories